പുതുവര്‍ഷ സമ്മാനം: വിദേശസഞ്ചാരികള്‍ക്ക് വിമാനത്താവളങ്ങളില്‍ സിം കാര്‍ഡ് അടുത്തയാഴ്ച മുതല്‍

പുതുവര്‍ഷ സമ്മാനം:  വിദേശസഞ്ചാരികള്‍ക്ക് വിമാനത്താവളങ്ങളില്‍ സിം കാര്‍ഡ് അടുത്തയാഴ്ച മുതല്‍

 

ന്യൂഡെല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 161 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്തെ പ്രധാനപ്പെട്ട 12 വിമാനത്താവളങ്ങളില്‍ സിം കാര്‍ഡ് ലഭ്യമാക്കാനാണ് തീരുമാനം. ഈ ആഴ്ച അവസാനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പദ്ധതി ഔദ്യോഗികമായി അവതരിപ്പിക്കും. പ്രീ ലോഡഡ് സിം കാര്‍ഡുകളായിരിക്കും സഞ്ചാരികള്‍ക്ക് നല്‍കുക.
പന്‍ജിം, അഹമ്മദാബാദ്, അമൃത്‌സര്‍, ജയ്പൂര്‍, ബെംഗളൂരു, ചെന്നൈ, മുംബൈ, ലക്‌നൗ, ഡെല്‍ഹി, വാരണസി തുടങ്ങിയ പത്ത് വിമാനത്താവളങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്കാണ് തുടക്കത്തില്‍ പ്രവര്‍ത്തനസജ്ജമാക്കിയ (റെഡി ടു കോള്‍ സിം കാര്‍ഡ്) സിം കാര്‍ഡുകള്‍ ലഭ്യമാക്കുന്നത്. വിദേശ സഞ്ചാരികള്‍ക്കിടയില്‍ ഇന്ത്യയോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും വിദേശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇത് സഹായകമാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആപത്ഘട്ടങ്ങളില്‍ സഹായം തേടി ഫോണ്‍ ചെയ്യുന്നതിന് ഇതിലൂടെ സൗകര്യം ലഭിക്കും.
ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കുമായി ചേര്‍ന്ന് ഇ-വിസയില്‍ ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കികൊണ്ട് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പദ്ധതിക്ക് തുടക്കം കുറിക്കും. ഇമിഗ്രേഷന്‍ സമയത്തു തന്നെ സിം കാര്‍ഡുകള്‍ ടൂറിസ്റ്റുകള്‍ക്ക് വിതരണം ചെയ്യുമെന്നും ഘട്ടംഘട്ടമായാണ് പദ്ധതി പൂര്‍ത്തീകരിക്കുകയെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഡെല്‍ഹിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി അടുത്ത ആഴ്ച്ചയോടെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് വിമാനത്താവളങ്ങളിലും നടപ്പിലാക്കി തുടങ്ങും.

ഈ വര്‍ഷം ആദ്യം ടൂറിസം മന്ത്രാലയം മുന്നോട്ടുവച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസം, ആഭ്യന്തരം, ടെലികോം, ധനമന്ത്രാലയം തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വിശദമായ അവലോകനത്തിനു ശേഷമാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും ഇ-വിസ ഡോക്യുമെന്റുകളില്‍ കര്‍ശന പരിശേധന നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

വിമാനത്താവളത്തില്‍ ലഭിക്കുന്ന സിം കാര്‍ഡുകള്‍ ആവശ്യമുള്ള സമയത്ത് സഞ്ചാരികള്‍ക്ക് റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇവര്‍ തിരിച്ച് പോകുന്നതിനു വേണ്ടി വിമാനത്താവളത്തിലെത്തുന്നതുവരെ ഈ സിം കാര്‍ഡുകള്‍ ആക്റ്റീവായിരിക്കും. ഒരു വെല്‍കം കിറ്റോടു കൂടിയായിരിക്കും സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. റൂട്ട് മാപ്പും അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറും യാത്രയ്ക്കാവശ്യമായ നിര്‍ദേശങ്ങളുള്ള ടൂറിസം ബുക്ക്‌ലെറ്റും അടങ്ങുന്നതായിരിക്കും വെല്‍കം കിറ്റ്.

Comments

comments

Categories: Trending