മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെയാണ് പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ ചെല്‍സി, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വെസ്റ്റ്ഹാം, ബേണ്‍ലി ടീമുകളും വിജയം നേടി. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റി എവര്‍ട്ടനോട് പരാജയപ്പെട്ടു.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ എഴുപത് മിനുറ്റുകള്‍ക്ക് ശേഷമായിരുന്നു ഹള്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി ഗോളുകള്‍ കണ്ടെത്തിയത്. എഴുപത്തി രണ്ടാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ യായ ടുറേയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്. 78-ാം മിനുറ്റില്‍ ഇഹിനാചോയും അധിക സമയത്ത് ഡേവിസും മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി വല കുലുക്കുകയും ചെയ്തു.

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബോണ്‍മൗത്തിനെതിരെയായിരുന്നു പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെല്‍സിയുടെ ജയം. മത്സരത്തിന്റെ 24, 93 മിനുറ്റുകളില്‍ സ്പാനിഷ് താരം പെഡ്രോ നേടിയ ഗോളുകളാണ് ചെല്‍സിക്ക് മികച്ച ജയം സമ്മാനിച്ചത്. 49-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ബെല്‍ജിയം താരം ഈഡന്‍ ഹസാര്‍ഡും ചെല്‍സിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

ആഴ്‌സണല്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് വെസ്റ്റ് ബ്രോംവിച് ആല്‍ബിയനെ മറികടന്നത്. മത്സരത്തിന്റെ എണ്‍പത്താറാം മിനുറ്റില്‍ ഫ്രഞ്ച് സ്‌ട്രൈക്കറായ ഒലിവര്‍ ജിറൂദാണ് ആഴ്‌സണലിന് വേണ്ടി ഗോള്‍ നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡിനെയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

കളിയുടെ 39-ാം മിനുറ്റില്‍ ഡച്ച് താരം ഡാലെ ബ്ലിന്‍ഡ് നേടിയ ഗോളിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നിലെത്തി. സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. ബ്ലിന്‍ഡ് നേടുന്ന സീസണിലെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. 82, 86 മിനുറ്റുകളില്‍ യഥാക്രമം ഇബ്രാഹിമോവിച്ച്, ഹെന്റിക് മിഹതരിയാന്‍ എന്നിവരും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഗോളുകള്‍ കണ്ടെത്തി.

ഫ്രഞ്ച് താരം പോള്‍ പോഗ്ബയുടെ പാസില്‍ നിന്നായിരുന്നു ഇബ്രാഹിമോവിച്ചിന്റെ ഗോള്‍. പകരമിറങ്ങിയ ഹെന്റിക് മിഹതരിയാന്‍ ബാക്ക് ഹീല്‍ കൊണ്ടായിരുന്നു ഗോള്‍ നേടിയത്. മത്സരത്തില്‍ 63 ശതമാനം ബോള്‍ പൊസഷനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിരുന്നു. മത്സരത്തിന്റെ അധിക സമയത്ത് ബൊറിനിയാണ് സണ്ടര്‍ലാന്‍ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.

നിലവിലെ ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റി ഹോം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എവര്‍ട്ടനോട് പരാജയപ്പെട്ടത്. പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ വെസ്റ്റ്ഹാം 4-1ന് സ്വാന്‍സി സിറ്റിയെയും ബേണ്‍ലി ഏകപക്ഷീയമായ ഒരു ഗോളിന് മിഡില്‍സ്ബറോയെയും തോല്‍പ്പിച്ചു. വാറ്റ്‌ഫോര്‍ഡ്-ക്രിസ്റ്റല്‍ പാലസ് മത്സരം ഓരോ ഗോളുകളുടെ സമനിലയിലാവുകയും ചെയ്തു.

പതിനെട്ട് മത്സരങ്ങളില്‍ നിന്നും 46 പോയിന്റുമായി പ്രീമിയര്‍ ലീഗില്‍ ചെല്‍സിയാണ് ഒന്നാം സ്ഥാനത്ത്. 39 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുമെത്തി. അതേസമയം, പതിനേഴ് മത്സരങ്ങളില്‍ നിന്നും 37 പോയിന്റുമായി ലിവര്‍പൂള്‍ തൊട്ടടുത്ത സ്ഥാനത്തുണ്ട്. നാലാം സ്ഥാനത്തുള്ള ആഴ്‌സണലിനും 37 പോയിന്റാണുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 33 പോയിന്റുമായി ആറാം സ്ഥാനത്താണ്.

Comments

comments

Categories: Sports

Write a Comment

Your e-mail address will not be published.
Required fields are marked*