ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ലാഭം സ്വപ്‌നം മാത്രം

ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക്  ലാഭം സ്വപ്‌നം മാത്രം

125 കോടി ജനങ്ങളുള്ള രാജ്യം. സ്മാര്‍ട്ട്‌ഫോണുകളുടെ വളര്‍ച്ചയാണെങ്കില്‍ റോക്കറ്റ് വേഗത്തിലും. സ്മാര്‍ട്ട്‌ഫോണിലൂടെ ഇന്റര്‍നെറ്റിലെത്തുന്ന ഉപയോക്താക്കളുടെ എണ്ണത്തിലും വര്‍ഷംതോറുമുണ്ടാകുന്നത് വന്‍വര്‍ധന. ഇ-കൊമേഴ്‌സ് സംരംഭങ്ങള്‍ക്ക് ലാഭം കൊയ്യാന്‍ ഏറ്റവും അനുകൂലമായ സാഹചര്യങ്ങള്‍. എന്നിട്ടും ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ശനിദശ തന്നെ. വരുമാനത്തില്‍ പ്രമുഖ കമ്പനികളെല്ലാം ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ അതോടൊപ്പം നഷ്ടത്തില്‍ ഇവര്‍ വരുത്തുന്നതും വന്‍ വര്‍ധന തന്നെ. ആഗോള ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ ഇന്ത്യന്‍ പതിപ്പായ ആമസോണ്‍ ഇന്ത്യ മുതല്‍ പ്രാദേശിക കമ്പനികളായ ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയവയ്ക്ക് വരെ സമാനമായ കണക്കുകളാണ് പറയാനുള്ളത്.

ആമസോണ്‍ ഇന്ത്യയുടെ വരുമാനം ഇരട്ടിയിലധികം വര്‍ധിച്ചതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,275 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. മുന്‍ വര്‍ഷമിത് 1,022 കോടിയായിരുന്നു. അതേസമയം, ഇക്കാലയളവിലെ ഇ-കൊമേഴ്‌സ് ഭീമന്റെ നഷ്ടവും വര്‍ധിച്ചു. 3,572 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. മുന്‍ വര്‍ഷമിത് 1,724 കോടിയായിരുന്നു. അതായത് വരുമാനം ഇരട്ടിച്ചപ്പോള്‍ നഷ്ടവും ഇരട്ടിയായി.

2016ല്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിപണി 14-15 ബില്ല്യണ്‍ ഡോളറിന്റേതായിരുന്നുവെന്നാണ് കണക്കുകള്‍. റെഡ്‌സീര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പോയ വര്‍ഷം ഓണ്‍ലൈന്‍ ഷോപ്പിംഗിനായി ഇന്ത്യക്കാര്‍ ചെലവിട്ടത് 14 ബില്ല്യണ്‍ ഡോളര്‍. അതായത് മൊത്തം വിപണിയുടെ മൂല്യത്തിനനുസരിച്ചുള്ള ചെലവിടല്‍ മാത്രമേ ഇവിടെ നടന്നുള്ളൂ. 2020 ആകുമ്പോഴേക്കും ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി 60-100 ബില്ല്യണ്‍ ഡോളറിന്റേതാകുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. ഇ-കൊമേഴ്‌സ് കമ്പനികളിലേക്കെത്തുന്ന വിദേശത്തു നിന്നുള്‍പ്പെടെയുള്ള ഫണ്ടിംഗിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത് കണക്കാക്കിയത്. എന്നാല്‍ ലാഭം നേടാന്‍ സാധിക്കാതെ കമ്പനികള്‍ കഷ്ടപ്പെടുമ്പോള്‍ കൂടുതല്‍ നിക്ഷേപം വരും വര്‍ഷങ്ങളില്‍ ഇ-കൊമേഴ്‌സ് രംഗത്തേക്കെത്തുമോയെന്ന കാര്യം സംശയകരമാണ്. മാത്രമല്ല അതിശക്തനായ ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി ആലിബാബ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ മത്സരം രൂക്ഷമാകുകയും നിലവിലെ കമ്പനികളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാകുകയും ചെയ്യും. ഇത് മുന്‍കൂട്ടിക്കണ്ട് പ്രവര്‍ത്തന തന്ത്രം മാറ്റിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലേക്കായിരിക്കും ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ പോകുക.

Comments

comments

Categories: Editorial