വില്‍പ്പന വര്‍ധിച്ചിട്ടും നഷ്ടകണക്കുമായി ഇ-ബൈയും ഫസ്റ്റ്‌ക്രൈയും

വില്‍പ്പന വര്‍ധിച്ചിട്ടും നഷ്ടകണക്കുമായി ഇ-ബൈയും ഫസ്റ്റ്‌ക്രൈയും

 
ബെംഗളൂരു/മുംബൈ: വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടും നഷ്ടത്തിന്റെ കണക്കുകളാണ് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ഇ-ബെയ്ക്കും ഫസ്റ്റ്‌ക്രൈയ്ക്കും പറയാനുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വില്‍പ്പനയില്‍ മൂന്നുമടങ്ങ് വളര്‍ച്ചയാണ് ഇ-ബെ നേടിയത്. 392 കോടിയായിരുന്നു കമ്പനിയുടെ വില്‍പ്പന. മുന്‍ വര്‍ഷമിത് 132 കോടി രൂപയായിരുന്നു. അതേ സമയം ഒരു വര്‍ഷം മുമ്പ് 172 കോടി രൂപയായിരുന്നു നഷ്ടം. 2015-16 സാമ്പത്തിക വര്‍ഷം 262 കോടിയായി വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യ ഇ-ബെയുടെ പ്രധാന വിപണിയല്ലെന്നും തന്ത്രപരമായ ബിസിനസിനു പകരം പ്രതിരോധ രീതിയിലുള്ള ബിസിനസിനാണ് ഇ-ബെ പ്രാധാന്യം കൊടുക്കുന്നതെന്നും കള്‍സള്‍ട്ടന്‍സി സ്ഥാപനമായ തേഡ് ഐസൈറ്റിന്റെ സിഇഒ ദേവാഗ്ഷു ദുട്ട അഭിപ്രായപ്പെടുന്നു.

ഇപ്പോള്‍ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന ഇ-ബെ കഴിഞ്ഞ മാസം ബെംഗളൂരു ഡൊമൈനിലെ ഫുള്‍ ടൈം ജീവനക്കാരെയും അധിക ജീവനക്കാരെയും പിരിച്ചുവിടാന്‍ പദ്ധതിയിട്ടിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-ബെ പ്രാദേശിക ഓക്ഷന്‍ പ്ലാറ്റ്‌ഫോമായ baacee.com നെ സ്വന്തമാക്കികൊണ്ടാണ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ വിപണിയിലെ എതിരാളികളായ സ്‌നാപ്ഡീല്‍, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവരില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് കമ്പനി ഇപ്പോള്‍ നേരിടുന്നത്.

വില്‍പ്പനയില്‍ പകുതിയോളം വര്‍ധനവുണ്ടായിട്ടും നഷ്ടത്തില്‍ രണ്ടുമടങ്ങ് വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബേബി കെയര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫസ്റ്റ്‌ക്രൈയ്ക്കുണ്ടായത്.

ബ്രെയിന്‍ബീസ് സൊലൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫസ്റ്റ്‌ക്രൈ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 174 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്. മുന്‍ വര്‍ഷം 118 കോടി രൂപയുടെ വില്‍പ്പന നേടിയ കമ്പനിക്ക് 63 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ ഒക്‌റ്റോബറില്‍ 362 കോടി രൂപയ്ക്ക് മഹീന്ദ്ര റീട്ടെയ്‌ലിന്റെ ഫ്രാഞ്ചൈസി വിഭാഗം ഫസ്റ്റ്‌ക്രൈ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 204 കോടി രൂപയുടെ വരുമാനം നേടിയ മഹീന്ദ്ര 93 കോടിയുടെ നഷ്ടവും രേഖപ്പെടുത്തി. ആമസോണ്‍ ഇന്ത്യയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാന വര്‍ധനവ് നേടിയെങ്കിലും നഷടം വര്‍ധിച്ചതായുള്ള കണക്കുകള്‍ പുറത്തുവിട്ടിരുന്നു.
പോര്‍ട്ടലില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നുപരിയായി വില്‍പ്പനക്കാരില്‍ നിന്ന് ഈടാക്കുന്ന ലിസ്റ്റിംഗ് ഫീസ്, പരസ്യത്തിന്റെ വരുമാനം എന്നിവയാണ് ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രധാന വരുമാനം.

Comments

comments

Categories: Branding