ബിജെപി അധികാരദുര്‍വിനിയോഗം നടത്തുന്നു: മായാവതി

ബിജെപി അധികാരദുര്‍വിനിയോഗം നടത്തുന്നു: മായാവതി

 

ന്യൂഡല്‍ഹി: യുപി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിഎസ്പിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തുകയാണെന്നു ദേശീയ അധ്യക്ഷ മായാവതി ആരോപിച്ചു.
ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍. മായാവതിയുടെ പാര്‍ട്ടിയായ ബിഎസ്പിയുടെ അക്കൗണ്ടില്‍ 104 കോടി രൂപയുടെയും മായാവതിയുടെ സഹോദരന്‍ ആനന്ദിന്റെ അക്കൗണ്ടില്‍ 1.43 കോടി രൂപയുടെയും ഡെപ്പോസിറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണു മായാവതി കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.
ബിഎസ്പി നടത്തിയ 104 കോടി രൂപയുടെ നിക്ഷേപത്തില്‍ 102 കോടി രൂപയുടെ നിക്ഷേപം നടത്തിയത് നിരോധിച്ച 1000 രൂപ നോട്ട് ഉപയോഗിച്ചായിരുന്നു.
പാര്‍ട്ടിയുടെ പേരില്‍ നിക്ഷേപിച്ചിരിക്കുന്ന പണം നിയമാനുസൃതമായിട്ടാണെന്ന് അവര്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയുടെയും സഹോദരന്റെയും ഡെപ്പോസിറ്റുകളുടെ വിവരം പുറത്തുവിടുന്നതിലൂടെ ബിജെപി യഥാര്‍ഥ വസ്തുതകള്‍ വളച്ചൊടിക്കുകയാണ്. ബിജെപിയുടെ ഡെപ്പോസിറ്റുകളെ കുറിച്ച് ഇതുവരെ യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ലെന്നും മായാവതി പറഞ്ഞു. ബിജെപിയും ബാങ്കുകളില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. അതിനെ കുറിച്ച് ഒരക്ഷരം ആരും ഇതുവരെ മിണ്ടിയിട്ടില്ല. എന്നാല്‍ ബിഎസ്പിയെ ആക്രമിക്കുന്നതിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധ, ജാതീയത നിറഞ്ഞ ചിന്താഗതിയാണു പ്രകടമായിരിക്കുന്നതെന്നും മായാവതി ആരോപിച്ചു. തന്നെ ഇപ്പോള്‍ ലക്ഷ്യമിട്ട് ആക്രമിക്കുന്നതു പോലെ തന്റെ പാര്‍ട്ടിയിലെ മറ്റ് പ്രമുഖരെയും ബിജെപി ല്ക്ഷ്യമിടുന്നുണ്ടെന്നു മായാവതി സൂചന നല്‍കി. പക്ഷേ ബിജെപിയുടെ ഇത്തരം പകപോക്കല്‍ രാഷ്ട്രീയം ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ലെന്ന് അവര്‍ പറഞ്ഞു.
നവംബര്‍ എട്ടിനു മുന്‍പുള്ള പത്ത് മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ബിജെപി പൊതുജന സമക്ഷം പ്രസിദ്ധപ്പെടുത്താന്‍ തയാറാണോ എന്നു മായാവതി ചോദിച്ചു.

Comments

comments

Categories: Politics