വരുന്നത് ഐപിഒ വര്‍ഷം

വരുന്നത് ഐപിഒ വര്‍ഷം

പ്രാഥമിക ഓഹരി വിപണി (ഐപിഒ-ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്) 2017ല്‍ ഒന്നുകൂടി ഉഷാറാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 ഐപിഒ വിപണിയെ സംബന്ധിച്ച് തരക്കേടില്ലാത്ത വര്‍ഷമായിരുന്നു. വലിയ തുടക്കമാണ് വിപണി 2017ല്‍ പ്രതീക്ഷിക്കുന്നത്. 13 കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പന ഉടനുണ്ടാകും. ഏകദേശം 6,500 കോടി രൂപയുടെ ഐപിഒയ്ക്ക് സെബി ഇതിനോടകം തന്നെ അനുമതി നല്‍കിക്കഴിഞ്ഞു. 4,700 കോടി രൂപയുടെ ഐപിഒയ്ക്കായി വിവിധ കമ്പനികള്‍ ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.

1,870 കോടി രൂപയുടെ ഐപിഒയ്ക്കാണ് അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് തയാറെടുക്കുന്നത്. മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ 1,600 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കും ഒരുങ്ങുന്നു. ഹിന്ദുജ ലെയ്‌ലന്‍ഡ്, ജിവിആര്‍ ഇന്‍ഫ്രാ പ്രൊജക്റ്റ്‌സ്, സിഎല്‍ എജുക്കേറ്റ്, കെപിആര്‍ അഗ്രോചെം തുടങ്ങിയ കമ്പനികളുടെയും പ്രാഥമിക ഓഹരി വില്‍പ്പന ഉടനുണ്ടാകും.
ഐപിഒ വിപണി ഉഷാറാകുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. 2016ല്‍ 26 കമ്പനികള്‍ ഐപിഒയിലൂടെ സമാഹരിച്ചത് 26,000 കോടി രൂപയാണ്. 2015ല്‍ 21 കമ്പനികള്‍ സമാഹരിച്ചതാകട്ടെ 13,564 കോടി രൂപയും. ഇതിന്റെ ഇരട്ടിയോളം തുക സമാഹരിക്കാന്‍ 2016ല്‍ ആയെന്നത് ശുഭസൂചനയാണ്. 2017ല്‍ ഇതില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Editorial