ഓഫര്‍ നീട്ടിയത് ജിയോ വിശദീകരിക്കണമെന്ന് ട്രായ്

ഓഫര്‍ നീട്ടിയത് ജിയോ വിശദീകരിക്കണമെന്ന് ട്രായ്

 

ന്യൂഡെല്‍ഹി : സൗജന്യ വോയ്‌സ് കോള്‍, ഡാറ്റ പ്ലാന്‍ ഓഫര്‍ നീട്ടിയത് സംബന്ധിച്ച് റിലയന്‍സ് ജിയോ വിശദീകരണം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഓഫര്‍ നീട്ടിയത് നിലവിലെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതാണെന്ന് ട്രായ് വിലയിരുത്തുന്നു. പ്രൊമോഷണല്‍ ഓഫറുകള്‍ 90 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്നാണ് ട്രായ് മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നത്.
90 ദിവസത്തെ വെല്‍ക്കം പ്ലാന്‍ ഡിസംബര്‍ 3 ന് അവസാനിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രകാരം നിലവിലെയും പുതിയ വരിക്കാര്‍ക്കും സൗജന്യ ഡാറ്റ, വോയ്‌സ് കോളുകള്‍ ഉപയോഗിക്കാമെന്ന് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് ജിയോയുടെ പുതിയ പ്ലാന്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ട്രായ്. ഇതിനിടെ, പ്രൊമോഷണല്‍ പദ്ധതി പ്രകാരമുള്ള സൗജന്യ ഡാറ്റ ഓഫറിന് ഇരപിടിത്തമായി പരിഗണിക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്ന് ഡിസംബര്‍ 20ന് അയച്ച കത്തില്‍ ട്രായ് ആവശ്യപ്പെടുന്നു.
എന്നാല്‍ റിലയന്‍സ് ജിയോ അധികൃതര്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല. അതേസമയം ഡിസംബര്‍ 18ഓടെ ജിയോ വരിക്കാരുടെ എണ്ണം 63 മില്യണായി വളര്‍ന്നുവെന്നും ഒരുപക്ഷേ ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ ബ്രോഡ്ബാന്‍ഡ് മേഖലയിലെ പ്രമുഖ വിപണി സാന്നിധ്യമായി ജിയോ മാറുമെന്നും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയതായി ജിയോയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അനൗദ്യോഗികമായി വെളിപ്പെടുത്തുന്നു.
സെപ്റ്റംബര്‍ 5 ന് തുടങ്ങിയ ജിയോ വെല്‍ക്കം ഓഫറില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ ഹാപ്പി ന്യൂ ഇയര്‍ ഓഫറെന്ന് ട്രായ് അധികൃതരുമായുള്ള കൂടിക്കാഴ്ച്ചയില്‍ ജിയോ വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. വെല്‍ക്കം ഓഫര്‍ അനുസരിച്ച് ദിവസവും 4 ജിബി സൗജന്യ ഡാറ്റയാണ് നല്‍കിയിരുന്നതെങ്കില്‍ പുതിയ ഓഫറില്‍ ഫെയര്‍ യൂസേജ് പോളിസി അനുസരിച്ച് ദിവസേന ഒരു ജിബി ഉപയോഗിക്കാനേ കഴിയൂവെന്നാണ് വിശദീകരണം. മാത്രമല്ല, വെല്‍ക്കം ഓഫറില്‍ ദിവസം 4 ജിബി കഴിഞ്ഞാല്‍പ്പിന്നെ കൂടുതല്‍ ഡാറ്റ ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ ന്യൂ ഇയര്‍ ഓഫറില്‍ ഡാറ്റ റീച്ചാര്‍ജ് ചെയ്യാമെന്നും ജിയോ ട്രായ് അധികൃതരെ അറിയിച്ചു.
2017 മാര്‍ച്ച് 31 വരെ ഓരോ മാസവും പുതുതായി വരിക്കാരാകുമെന്ന് പ്രതീക്ഷിക്കുന്നവരുടെ എണ്ണം ലഭ്യമാക്കാനും ട്രായ് ജിയോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories