എയുവിലെ 22% ഓഹരികള്‍ നിലനിര്‍ത്താന്‍ വാര്‍ബെര്‍ഗ് പിന്‍കസ് അനുമതി തേടി

എയുവിലെ 22% ഓഹരികള്‍  നിലനിര്‍ത്താന്‍ വാര്‍ബെര്‍ഗ് പിന്‍കസ് അനുമതി തേടി

 

മുംബൈ: എയു ഫിനാന്‍സിയേഴ്‌സിലെ 22% ഓഹരി പങ്കാളിത്തം നിലനിര്‍ത്തുന്നതിന് സ്വകാര്യ നിക്ഷേപക സ്ഥാപനമായ വാര്‍ബെര്‍ഗ് പിന്‍കസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ അനുമതി തേടി. എയു ഫിനാന്‍സിന് ചെറു ബാങ്ക് തുടങ്ങാന്‍ ലൈസന്‍സ് ലഭിച്ച സാഹചര്യത്തിലാണ് വാര്‍ബെര്‍ഗ് പിന്‍കസിന്റെ നടപടി.
ചെറു ബാങ്ക് തുടങ്ങുന്നതിന് എയു ഫിനാന്‍സിയേഴ്‌സിന് ആര്‍ബിഐ കഴിഞ്ഞ വെള്ളിയാഴ്ച അനുവാദം നല്‍കിയിരുന്നു. എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്ന പേരിലെ ബാങ്ക് അടുത്ത ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
നിലവിലെ നിയമ പ്രകാരം പ്രൊമോട്ടര്‍മാരൊഴികെ മറ്റാര്‍ക്കും ചെറു ബാങ്കില്‍ പത്തു ശതമാനത്തിലധികം ഓഹരികള്‍ കൈവശംവെയ്ക്കാന്‍ സാധിക്കില്ല. അതിനാല്‍ത്തന്നെ ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാത്ത നിശബ്ദ നിക്ഷേപകരായി നിലകൊള്ളുമെന്നും ബോര്‍ഡ് യോഗത്തിലെ വോട്ടിംഗ് അവകാശം ഉപേക്ഷിക്കാമെന്നും ആര്‍ബിഐയോട് സമ്മതിച്ചുകൊണ്ടാവും എയുവിലെ ഓഹരി പങ്കാളിത്തം അതേപടി നിലനിര്‍ത്താന്‍ വാര്‍ബെര്‍ഗ് പിന്‍കസ് ശ്രമിക്കുകയെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിക്ഷേപകരിലാരും തന്നെ എയു ഫിനാന്‍സിയേഴ്‌സിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സഞ്ജയ് അഗര്‍വാള്‍ വ്യക്തമാക്കി.
അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കമ്പനിയില്‍ 33 ശതമാനം കേദാര കാപ്പിറ്റല്‍, ശ്രേയസ് കാപ്പിറ്റല്‍ എന്നിവയ്ക്ക് 10 ശതമാനവും ഐഎഫ്‌സിക്ക് 11 ശതമാനവും വീതം ഓഹരിയുണ്ട്. ബാക്കിയുള്ള ഓഹരികളില്‍ വാര്‍ബെര്‍ഗ് 22 ശതമാനവും മറ്റു നിക്ഷേപകര്‍ 14 ശതമാനവും കൈവശംവെയ്ക്കുന്നു. അതേസമയം, ഈ വര്‍ഷമാദ്യം എയു ഫിനാന്‍സിയേഴ്‌സിന്റെ ഹൗസിംഗ് ഫിനാന്‍സ് വിഭാഗത്തെ കേദാര കാപ്പിറ്റലിനും സിംഗപ്പൂരിലെ പാര്‍ട്‌നര്‍ ഗ്രൂപ്പിനും വിറ്റിരുന്നു. ഇതിലൂടെ 800 കോടി രൂപ സമാഹരിച്ചതിനാല്‍ എയുവിന് ഇപ്പോള്‍ മൂലധനം ആവശ്യമില്ലെന്ന് സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ നിലവിലെ ഓഹരി ഉടമകള്‍ പുറത്തുപോയാല്‍ കമ്പനി ചിലപ്പോള്‍ ഉഭയകക്ഷി കരാറിന് ശ്രമിക്കുകയോ അല്ലെങ്കില്‍ പ്രാഥമിക ഓഹരി വില്‍പ്പന (ഇന്‍ഷ്യല്‍ പബ്ലിക് ഓഫറിംഗ്, ഐപിഒ) നടത്തുകയോ ചെയ്‌തേക്കുമെന്ന് അഗര്‍വാള്‍ അറിയിച്ചു.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*