പുകയില ഉപഭോഗം കുറയ്ക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒരുമിക്കണം

പുകയില ഉപഭോഗം കുറയ്ക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒരുമിക്കണം

 

തിരുവനന്തപുരം: വ്യക്തികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കേരളത്തിലെ പുകയില ഉല്‍പ്പന്ന ഉപയോഗം കുറച്ചുകൊണ്ടുവരുന്നതില്‍ പങ്കുവഹിക്കാനാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തിനായി കേരളത്തെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടു സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു വിദഗ്ധര്‍.

ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായ, പുകയില ഉല്‍പ്പന്ന ഉപയോഗം നിലവിലെ നിരക്കിന്റെ 30 ശതമാനമായി കുറച്ചുകൊണ്ടുവരികയെന്ന നയം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. പുകയില നിയന്ത്രണ പ്രവര്‍ത്തനം സംസ്ഥാന ആരോഗ്യനയത്തിന്റെ ഭാഗമാക്കിയിരിക്കുകയാണെന്ന് റീജിയനല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടറും ടുബാക്കോ ഫ്രീ കേരള ചെയര്‍മാനുമായ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. ഇതോടൊപ്പം യുവാക്കളുള്‍പ്പെടെ പുകയില ഉപയോഗിക്കാത്തവര്‍ ഈ ശീലം തുടങ്ങുന്നതു തടയുക, പുകയില ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കുക, നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, പുകയില ഉപയോഗം നിര്‍ത്താന്‍ പ്രേരിപ്പിക്കുക, കൗണ്‍സലിങ് എന്നിവയാണ് പുകയില ഉപയോഗം കുറയ്ക്കാനായി ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ പുകരഹിത പുകയിലയിലേക്കു തിരിയുന്നത് ആരോഗ്യമേഖലയില്‍ പുതിയ വെല്ലുവിളിയുയര്‍ത്തുകയാണെന്ന് കേരളത്തിലെ പുകയില ഉപയോഗ രീതികളെക്കുറിച്ചു വിശദീകരിച്ച, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അച്യുതമേനോന്‍ സെന്റര്‍ വിഭാഗം മേധാവിയും ടുബാക്കോ ഫ്രീ കേരള വൈസ് ചെയര്‍മാനുമായ ഡോ. കെ.ആര്‍ തങ്കപ്പന്‍ പറഞ്ഞു. മാരകരോഗങ്ങള്‍ക്കു കാരണമാകുന്ന പുകയില ഉപഭോഗത്തെ പലരും ലാഘവത്വത്തോടെയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പുകയില ഉപഭോഗ രീതികളില്‍ കാലാകാലങ്ങളിലുണ്ടായിട്ടുള്ള കുറവും നിശ്ചലാവസ്ഥയും വിവിധ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം വിശദീകിച്ചു.

പൊതുസ്ഥലങ്ങളിലെ പുകയില നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വരണമെന്ന് സെമിനാറില്‍ ചര്‍ച്ച നയിച്ച, അച്യുതമേനോന്‍ സെന്റര്‍ സീനിയര്‍ റിസര്‍ച്ച് ഓഫിസറും ടുബാക്കോ ഫ്രീ കേരള ഉപദേഷ്ടാവുമായ ഡോ. എ.എസ്. പ്രദീപ് കുമാര്‍ പറഞ്ഞു. ഇത് നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സഹായിക്കുമെന്നും വിവിധ തലത്തിലുള്ളവര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാലേ പുകയില നിയന്ത്രണ ലക്ഷ്യം നേടാനാകൂ എന്നും ഡോ. പ്രദീപ് ചൂണ്ടിക്കാട്ടി.

മൂവായിരത്തോളം സ്‌കൂളുകളും മുന്നൂറോളം വാര്‍ഡുകളും അറുനൂറോളം തൊഴിലിടങ്ങളും പുകയില വിമുക്തമാക്കാന്‍ കഴിഞ്ഞതായി കേരളത്തിലെ പുകയില നിയന്ത്രണപ്രവര്‍ത്തനങ്ങളുടെ സവിശേഷതകള്‍ വിശദീകരിച്ച ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍ വ്യക്തമാക്കി. പുകയില വില്‍പ്പന സ്ഥലങ്ങളില്‍ പുകയില ഉല്‍പ്പന്ന പരസ്യങ്ങള്‍ നിരോധിച്ച ആദ്യ സംസ്ഥാനമാണു കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Politics

Related Articles

Write a Comment

Your e-mail address will not be published.
Required fields are marked*