പുതുവര്‍ഷത്തില്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചേക്കും

പുതുവര്‍ഷത്തില്‍ ബാങ്കുകള്‍  പലിശ നിരക്ക് കുറച്ചേക്കും

 

ന്യൂഡെല്‍ഹി: പുതുവര്‍ഷത്തില്‍ ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) അടക്കമുള്ളവ ജനുവരി ആദ്യത്തോടെ വായ്പ പലിശയില്‍ ഇളവു വരുത്തുമെന്നാണ് അറിയുന്നത്. ഉപഭോക്താക്കളുടെ വാങ്ങല്‍ ശീലം വീണ്ടെടുക്കുന്നതിന് നടപടി സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വാഹനങ്ങളും വീടുകളും സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിരക്ക് ഇളവ് ഗുണം ചെയ്യും.
നോട്ട് നിരോധനത്തിനു പിന്നാലെ അവശ്യവസ്തുക്കളല്ലാത്തവയ്ക്കുവേണ്ടിയുള്ള ചെലവിടല്‍ ഉപഭോക്താക്കള്‍ കുറച്ചിരുന്നു. പണത്തിന്റെ വന്‍തോതിലെ ദൗര്‍ലഭ്യമാണ് അത്തരമൊരു അവസ്ഥ സൃഷ്ടിച്ചത്. ബാങ്കുകളില്‍ നിന്നുള്ള കോര്‍പ്പറേറ്റ് വായ്പകള്‍ക്കും ആവശ്യകത കുറഞ്ഞു. മറുവശത്ത് ബാങ്കുകളില്‍ വന്‍ തോതില്‍ നിക്ഷേപമെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വായ്പ പലിശ നിരക്ക് താഴ്ത്താന്‍ ബാങ്കുകള്‍ നീക്കമിടുന്നത്. പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയവുമായി ചില ബാങ്കുകള്‍ ആശയ വിനിമയം നടത്തുകയുണ്ടായി. കഴിഞ്ഞയാഴ്ച ചേര്‍ന്ന ബാങ്ക് അസോസിയേഷന്‍ യോഗത്തിലും നിരക്ക് ഇളവിന്റെ സാധ്യതകള്‍ ആരാഞ്ഞിരുന്നു. ലോണുകളുടെ പലിശ നിരക്ക് താഴ്ത്തുന്നത് ഉപഭോക്താക്കളെ കൂടുതല്‍ വാങ്ങലിന് പ്രേരിപ്പിക്കുമെന്നും അതു വിപണിക്ക് ഗുണം ചെയ്യുമെന്നും ബാങ്ക് തലവന്‍മാര്‍ കണക്കുകൂട്ടുന്നു. അതേസമയം, സേവിംഗ്‌സ് ബാങ്ക് റേറ്റ് (എക്കൗണ്ടുകളിലെ തുകയ്ക്കുള്ള പലിശ) കുറയ്ക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ എസ്ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും സേവിംഗ്‌സ് ബാങ്ക് റേറ്റ് നാല് ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. നോട്ട് പിന്‍വലിക്കലിനുശേഷം ഇടപാടുകാര്‍ വായ്പകള്‍ വന്‍ തോതില്‍ തിരിച്ചടച്ചു. മറുവശത്ത് ലോണ്‍ എടുക്കുന്നതിന് അവര്‍ വിമുഖതയും കാട്ടുന്നു. അതിനാല്‍ത്തന്നെ വായ്പ ആവശ്യകത അപ്രത്യക്ഷമാകുകയും ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുകയും ചെയ്തു- ഒരു പ്രമുഖ ബാങ്കിന്റെ തലവന്‍ പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ ഒമ്പതു വരെയുള്ള കാലയളവില്‍ ബാങ്ക് ക്രെഡിറ്റ് 1.2 ശതമാനം വര്‍ധിച്ച് 73 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 69.6 ലക്ഷം കോടിയായിരുന്നു. 2015മായി തട്ടിക്കുമ്പോള്‍ നിക്ഷേപം 13.6 ശതമാനം ഉയര്‍ന്ന് 105.9 ലക്ഷം കോടിരൂപയിലെത്തുകയും ചെയ്തു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*