ജനുവരി മുതല്‍ ഡെല്‍ഹി ആര്‍ടിഓഫിസുകളില്‍ നോട്ട്‌രഹിത ഇടപാടുകള്‍

ജനുവരി മുതല്‍ ഡെല്‍ഹി ആര്‍ടിഓഫിസുകളില്‍ നോട്ട്‌രഹിത ഇടപാടുകള്‍

 

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാന നഗരിയിലെ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലെ സേവനങ്ങള്‍ ജനുവരി മുതല്‍ നോട്ട്‌രഹിത പണമിടപാടുകളിലൂടെ ലഭ്യമാക്കുന്നതിനുള്ളഒരുക്കങ്ങള്‍ തുടങ്ങിയതായി ഡെല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, ഓട്ടോ പെര്‍മിറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഉള്‍പ്പടെയുള്ള എല്ലാ സേവനങ്ങള്‍ക്കും ഡിജിറ്റല്‍ പേമെന്റ് സംവിധാനമൊരുക്കുമെന്നാണ് വിവരം.

അടുത്ത വര്‍ഷാരംഭം മുതല്‍ ആടിഒ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഗതാഗത വകുപ്പ് സോണല്‍ ഓഫീസുകളില്‍ പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ (പിഒഎസ്) ഇന്‍സ്റ്റാള്‍ ചെയ്ത് തുടങ്ങിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനം പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതായാണ് വിവരം. ആര്‍ടിഒ ഓഫീസുകളിലെത്തുന്നവര്‍ക്ക് ജനുവരി മുതല്‍ പെര്‍മിറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് പേമെന്റ് നടത്താനാകുമെന്നും അപേക്ഷകര്‍ പണം നേരിട്ട് നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഗതാഗത വകുപ്പിന്റെ പതിനാല് സോണല്‍ ഓഫീസുകളാണ് ഡെല്‍ഹിയിലുള്ളത്. ഡെല്‍ഹി ജനതയ്ക്ക് തടസങ്ങളില്ലാതെ ആര്‍ടിഒ സര്‍വീസ് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ആര്‍ടിഒ ഓഫീസുകള്‍ നോട്ട്‌രഹിതമാക്കാനുള്ള നീക്കമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളെയും നോട്ട്‌രഹിത ഇടപാട് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരികയെന്ന ഡെല്‍ഹി സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പു കൂടിയാണ് ആര്‍ടിഒ ഓഫീസുകളില്‍ പിഒഎസ് മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള തീരുമാനം.

നിലവില്‍ എല്ലാ സോണല്‍ ഓഫീസുകളിലും ഇലക്ട്രോണിക് പിഒഎസ് മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. നോട്ട്‌രഹിത ഇടപാടുകള്‍ക്കു ക്രമീകരിക്കുന്നതിനു വേണ്ടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. പണപ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഈ മാസം ആദ്യം ഡെല്‍ഹി ഗതാഗത മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ ഗാതാഗത വകുപ്പിനോട് ഡിജിറ്റല്‍ പേമെന്റ് സ്വീകരിച്ചുതുടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വകുപ്പിന്റെ എല്ലാ ഓഫീസുകളും നോട്ട്‌രഹിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

Comments

comments

Categories: Trending