ഒരു സ്വച്ഛ ഭാരത് ആപ്ലിക്കേഷന്‍….

ഒരു സ്വച്ഛ ഭാരത് ആപ്ലിക്കേഷന്‍….

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പ്രചരണത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പരിസരം വൃത്തിയാക്കാന്‍ സഹായിക്കുന്ന വെബ് ആപ്ലിക്കേഷനുമായി എത്തിയിരിക്കുകയാണ് 20 കാരനായ സൗരവ് ബദാമി. ബിഹാര്‍ സ്വദേശിയായ ഈ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി വികസിപ്പിച്ച മൈ ക്ലീന്‍ ആപ്പ് രാജ്യത്തെ വൃത്തിയുടെ നിലവാരം അളക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിവുള്ളതുമാണ്. വൃത്തിയുള്ള ഇന്ത്യ എന്ന സ്വപ്‌നവുമായാണ് ഹാല്‍ഡിയയിലെ ഡാല്‍ഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിദ്യാര്‍ത്ഥിയായ സൗരവ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.

വളരെ ലളിതമാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനുശേഷം രാജ്യത്തെ ഒരു പ്രത്യേക സ്ഥലം തെരഞ്ഞെടുക്കുക. തുടര്‍ന്ന് ഇന്ത്യയുടെ മാപ്പില്‍ സ്റ്റാറ്റസ് മാര്‍ക്കര്‍ ആഡ് ചെയ്യുക. പീന്നീട് എല്ലാ സമയവും ആ സ്ഥലത്തിന്റെ വൃത്തിയെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍ മാപ്പില്‍ സ്റ്റാറ്റസായി ഉപഭോക്താവിന് ലഭിച്ചുകൊണ്ടിരിക്കും. ക്ലീന്‍, സെവെര്‍, ഇന്‍ പ്രോഗ്രസ് എന്നിങ്ങനെ മൂന്നു സ്റ്റാറ്റസ് മാര്‍ക്കറുകളാണ് ലഭ്യമായുള്ളത്. വിവരശേഖരണവും സ്ഥലത്തിന്റെ അവസ്ഥയും ആപ്ലിക്കേഷന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് നിര്‍ണായകമായ പങ്കു വഹിക്കുന്നുണ്ട്.

മുനിസിപ്പാലിറ്റികള്‍ ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളുടെ വിവരങ്ങളുടെ ്അടിസ്ഥാനത്തിലാണ് ആപ്പ് ഓരോ സ്ഥലത്തിന്റെയും ശുചിത്വ നിലവാരം നിര്‍ണയിക്കുന്നത്. ഓരോ സ്ഥലത്തിന്റെയും വൃത്തിയുടെ നിലവാരം കണ്ടെത്തുന്നതിന് സഹായിക്കുന്ന വിവരങ്ങള്‍ ലഭിക്കുന്നതിനായി സൗരവ് പല ഏജന്‍സികളെയും എന്‍ജിഒകളെയും സമീപിക്കുന്നുണ്ട്.

പൈത്തോണ്‍, ഡജാന്‍ഗോ ഫ്രെയിംവര്‍ക്കിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ജാവസ്‌ക്രിപ്റ്റാണ് ഫ്രണ്ട് എന്‍ഡ് വികസനത്തിനായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. അതികം താമസിയാതെ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ സൗരവ് ശ്രമിക്കുന്നുണ്ട്. കാര്യക്ഷമമായി ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ വലിയ തോതില്‍ ഫലം ലഭിക്കുമെന്ന് സൗരവ് വിശ്വസിക്കുന്നു.

Comments

comments

Categories: Trending