സ്വപ്‌നങ്ങളെ താലോലിച്ച ധീരുഭായ്

സ്വപ്‌നങ്ങളെ താലോലിച്ച ധീരുഭായ്

ജോബിന്‍ എസ് കൊട്ടാരം

യെമനിലെ പമ്പില്‍ പെട്രോളടിച്ചുകൊണ്ടിരുന്ന ധീരുഭായ് അംബാനി എങ്ങനെ റിലയന്‍സ് എന്ന വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തുവെന്ന് പലരും അത്ഭുതപ്പെടാറുണ്ട്. യെമനില്‍ നിന്നും സ്വരൂപിച്ച പണം കൊണ്ട് തിരികെ ഇന്ത്യയിലെത്തിയ ധീരുഭായ് അംബാനി മുംബൈയിലെ മസ്ജിദ് ബന്ധറിലെ നരസിനത തെരുവില്‍ ആദ്യം ആരംഭിച്ചത് സുഗന്ധദ്രവ്യങ്ങള്‍ യെമനിലേക്ക് കയറ്റിയയയ്ക്കുന്ന കച്ചവടമായിരുന്നു.

വെറും 350 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള മുറിയില്‍ ഒരു മേശയും മൂന്ന് കസേരയുമായി അദ്ദേഹം തുടങ്ങിയ സ്ഥാപനമാണ് ഇന്ന് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കുടുംബ ബിസിനസ്സായി മാറിയിരിക്കുന്നത്. സ്വന്തമായി ഒരു ടെലിഫോണ്‍ ഇല്ലാത്തതിനാല്‍ തൊട്ടടുത്ത മുറിയില്‍ പ്രാക്ടീസ് നടത്തിയിരുന്ന ഡോക്റ്ററുടെ ഫോണാണ് വാടകയുടെ ഒരു വിഹിതം നല്‍കി അക്കാലത്ത് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്.

ഗുജറാത്തിലെ ഒരു ഗ്രാമീണ സ്‌കൂളിലെ അധ്യാപകനായിരുന്നു ധീരുഭായിയുടെ അച്ഛന്‍ ഹിരാചന്ദ് ഗോവര്‍ദ്ധന്‍ദാസ് അംബാനി. അമ്മ ജമനാ ബെന്നാവട്ടെ അച്ഛന്‍ ചെലവിനു നല്‍കുന്ന ഓരോ ചില്ലിക്കാശും കരുതലോടെ ചെലവഴിച്ച് മിച്ചം പിടിക്കുന്നതില്‍ ബദ്ധശ്രദ്ധയായിരുന്നു. പക്ഷേ, എന്നിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ ധീരുഭായിയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് എന്തുവന്നാലും സമ്പത്തുണ്ടാക്കിയേ അടങ്ങൂ എന്ന വാശി ധീരുഭായിയില്‍ നിറച്ചത്. അച്ഛന്റെ ശമ്പളം ഒന്നിനും തികയാതെ വരുമ്പോള്‍ ‘നിനക്കൊക്കെ പൈസ സമ്പാദിച്ചുകൂടേ?” എന്ന് അമ്മ ചോദിക്കും. അപ്പോഴൊക്കെ ധീരുഭായിക്ക് ദേഷ്യം വരുമായിരുന്നു. ‘ഒരു ദിവസം കെട്ടുകണക്കിന് പൈസയുണ്ടാക്കി ഞാന്‍ കാണിക്കും, എന്നാണ് ധീരുഭായ് ഇതിന് മറുപടിയായി പറഞ്ഞിരുന്നത്. ഇത് വെറും വാക്കല്ലയെന്ന് തെളിയിക്കാനായി അടുത്തുള്ള എണ്ണക്കച്ചവടക്കാരനില്‍ നിന്ന് കടമായി എണ്ണ വാങ്ങി വഴിവക്കിലിരുന്ന് വിറ്റ് ലാഭമുണ്ടാക്കി കാണിച്ചുകൊടുത്തു അദ്ദേഹം. മാത്രമല്ല ഗ്രാമത്തിലെ ഉത്സവസമയത്ത് ഉള്ളിവടയും കിഴങ്ങ് ബജിയുമൊക്കെ ഉണ്ടാക്കി വിറ്റ് സ്വന്തമായാണ് സ്‌കൂള്‍ ചെലവിനുള്ള പണം പോലും അദ്ദേഹം കണ്ടെത്തിയിരുന്നത്.

യെമനില്‍ ഷെല്‍ ഓയില്‍ കമ്പനിയില്‍ പെട്രോളടിക്കാരന്റെ ജോലിയില്‍ ഏര്‍പ്പെട്ടപ്പോഴും ധീരുഭായ് അംബാനി സ്വപ്‌നം കണ്ടിരുന്നത് സ്വന്തമായി ഒരു ഓയില്‍ റിഫൈനറിയുടെ ഉടമസ്ഥനാകുന്നതായിരുന്നു.  ”അന്ന് എന്റെ ഈ സ്വപ്‌നത്തെക്കുറിച്ച് കേട്ടപ്പോള്‍ ഭ്രാന്താണെന്ന് പറഞ്ഞ് പലരും പുച്ഛിച്ചുതള്ളി. പക്ഷേ, ഇത്തരത്തിലുള്ള ഉന്നതമായ സ്വപ്‌നങ്ങളാണ് എന്നെ എന്റെ ജീവിതത്തില്‍ മുന്നോട്ട് നയിച്ചത്. ‘1999’ ല്‍ ഗുജറാത്തിലെ ജാംനഗറില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രാസ്‌റൂട്ട് റിഫൈനറികളിലൊന്ന് റിലയന്‍സ് ആരംഭിച്ചപ്പോള്‍ ഞാന്‍ ആദ്യമോര്‍ത്തത് എന്റെ സ്വപ്‌നത്തെ പുച്ഛിച്ചുതള്ളിയവരെയായിരുന്നു’- ഇങ്ങനെയാണ് തന്റെ സ്വപ്‌നസമാനമായ നേട്ടത്തെക്കുറിച്ച് പിന്നീട് ധീരുഭായ് അംബാനി പറഞ്ഞത്.

ഉന്നതമായ ലക്ഷ്യങ്ങള്‍ ആദ്യം വ്യക്തികളുടെ മനസ്സിലാണ് വിരിയുന്നത്. ലോകം മുഴുവന്‍ പുച്ഛിച്ചു തള്ളിയാലും ഉന്നതമായ ലക്ഷ്യമുള്ളവര്‍ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി ശ്രമിച്ചുകൊണ്ടിരിക്കും. അവരുടെ ജീവിതത്തിലുണ്ടാവുന്ന വിജയം ആകസ്മികമായി സംഭവിക്കുന്നതല്ല. മറിച്ച് കഠിനാധ്വാനം ചെയ്യാനുള്ള മനഃസ്ഥിതിയും സാധ്യതകള്‍ കണ്ടെത്തി അവ ഉപയോഗപ്പെടുത്താനുള്ള പ്രചോദനവും ഉള്ളവരായിരിക്കും അവര്‍.

ധീരുഭായ് അംബാനിയുടെ ജീവിതം, വലിയ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമുണ്ടെങ്കില്‍ ഏതൊരു സാധാരണക്കാരനും ജീവിതത്തില്‍ ഉയരങ്ങളിലെത്താം എന്ന വ്യക്തമായ സന്ദേശം നമുക്ക് പകര്‍ന്നു നല്‍കുന്നു. സാഹചര്യങ്ങളെ പഴിപറയാതെ സാഹചര്യങ്ങള്‍ അനുകൂലമാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ധീരുഭായ് അംബാനിയുടെ ജീവിതം എന്നും പ്രചോദനകരമാണ്.

ചിന്ത:
എന്റെ മുറിയില്‍ ഞാന്‍ കണ്ട വിജയ രഹസ്യങ്ങള്‍ –
മേല്‍ക്കൂര പറഞ്ഞു: ഉയര്‍ന്ന ലക്ഷ്യം വയ്ക്കൂ.
ഫാന്‍ പറഞ്ഞു: എപ്പോഴും പ്രശാന്തമായിരിക്കുക.
ക്ലോക്ക് പറഞ്ഞു: ഓരോ നിമിഷവും വിലപ്പെട്ടതാണ്.
കണ്ണാടി പറഞ്ഞു: പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് നിങ്ങള്‍
സ്വയം പ്രതിബിംബിപ്പിക്കുക.
ജനല്‍ പറഞ്ഞു: ലോകത്തെ കാണുക.

(ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ സ്പീക്കറും സൈക്കോളജിസ്റ്റും എഴുത്തുകാരനുമാണ് ലേഖകന്‍. മൊബീല്‍: 9447259402)

Comments

comments

Categories: FK Special