സാമ്പത്തികസ്ഥിതി വിലയിരുത്താന്‍ നിതി ആയോഗുമായി മോദിയുടെ ചര്‍ച്ച

സാമ്പത്തികസ്ഥിതി വിലയിരുത്താന്‍ നിതി ആയോഗുമായി മോദിയുടെ ചര്‍ച്ച

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത പണപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ സംബന്ധിച്ച് നിതി ആയോഗിലെ വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന ചര്‍ച്ച നടത്തും. സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാക്കുന്നതിനുള്ള ശ്രമങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

സാമ്പത്തിക പരിഷ്‌കരണവും, മുന്നോട്ടുള്ള കുതിപ്പുമാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ടയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷ പ്രസംഗത്തിനു ശേഷം യോഗത്തില്‍ പങ്കെടുക്കുന്ന 15 വിദഗ്ധര്‍ അവരുടെ വിശകലനങ്ങള്‍ അവതരിപ്പിക്കും. വിവിധ റേറ്റിംഗ് ഏജന്‍സികളുടെയും ആര്‍ബിഐയും നടപ്പു സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ നിഗമനത്തില്‍ കുറവുവരുത്തിയ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. ഈ മാസം ആദ്യം അവതരിപ്പിച്ച ധനനയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 7.6 ശതമാനത്തില്‍ നിന്നും 7.1 ശതമാനമാക്കി കുറച്ചിരുന്നു. ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കും ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം മുന്‍പ് പ്രഖ്യാപിച്ചിരുന്ന 7.4 ശതമാനത്തില്‍ നിന്ന് കുറച്ച് 7 ശതമാനമാക്കിയിരുന്നു. നോട്ട് അസാധുവാക്കല്‍ സാമ്പത്തികവിക്രയങ്ങളില്‍ പ്രതിഫലിച്ചതിനെ തുടര്‍ന്നായിരുന്നു ഈ വിശകലനം.
ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനു നിതി ആയോഗ് നടപ്പിലാക്കിയ ലക്കി ഗ്രഹക് യോജന, ഡിജി ധന്‍ വ്യാപാര്‍ യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ആദ്യ ഘട്ടത്തില്‍ 340 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിരിക്കുന്നത്.
അതേസമയം ഡിസംബറിനു ശേഷവും എടിഎമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. ആവശ്യമായ നോട്ടുകള്‍ അച്ചടിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി. ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകണമെങ്കില്‍ ജനുവരി വരെ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ബാങ്കുകളുടെ പൊതു അഭിപ്രായം. നിയന്ത്രണങ്ങളെടുത്തു കളഞ്ഞാല്‍ ആവശ്യത്തിന് പണം നല്‍കാന്‍ കൈവശമില്ലെന്ന സാഹചര്യത്തിലാണിത്. നോട്ട് ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയരുതെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയും ചൂണ്ടിക്കാണിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*