പുതിയ ചെറുകാര്‍ പദ്ധതിയുമായി മാരുതി സുസുക്കി

പുതിയ ചെറുകാര്‍ പദ്ധതിയുമായി മാരുതി സുസുക്കി

 

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ചെറുകാര്‍ വിപണിയില്‍ ശക്തി വര്‍ധിപ്പിക്കാേെനാരുങ്ങുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ ചെറുകാര്‍ വിപണിയിലെത്തിച്ച് എന്‍ട്രി വിഭാഗത്തില്‍ കമ്പനിക്കുള്ളി വിപണി മേധാവിത്വം തുടരാനാണ് കമ്പനി ഇതിലൂടെ ശ്രമിക്കാനൊരുങ്ങുന്നത്. വിറ്റാര ബ്രെസ, ബലേനൊ, സിയസ് എന്നീ മോഡലുകള്‍ വിപണിയിലെത്തിച്ച് ഇടത്തരം സെഗ്‌മെന്റില്‍ ഈയടുത്ത് മികച്ച നേട്ടമുണ്ടാക്കിയ കമ്പനി പുതിയ ചെറുകാറുകള്‍ക്കുള്ള പ്രധാന്യം കുറച്ചിരുന്നു.
രാജ്യത്തെ കാര്‍ വിപണിയില്‍ എല്ലാ വിഭാഗത്തിലുമുള്ള മോഡലുകള്‍ പുറത്തിറക്കുന്നത് കമ്പനിയുടെ പരിഗണനയിലുണ്ട്. എന്നാല്‍ എന്‍ട്രി ലെവല്‍ വിഭാഗത്തിലുള്ള പുതിയ മോഡല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കാമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ കെനിച്ചി അയുകാവ അറിയിച്ചു.
വിറ്റാര ബ്രെസയ്ക്ക് വിപണിയില്‍ ലഭിച്ച സ്വീകാര്യതയില്‍ മാതൃ കമ്പനി സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ സന്തുഷ്ടി ഇന്ത്യന്‍ സബ്‌സിഡറിയെ അറിയിച്ചിരുന്നു. ഇതോടൊപ്പം എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ മേധാവിത്വം തുടരുന്നതിന് കമ്പനിയുടെ ഏറ്റവും വില്‍പ്പനയുള്ള അള്‍ട്ടൊയുടെ പുതിയ ജനറേഷന്‍ പതിപ്പ് നിര്‍മിക്കാനുള്ള ചുമതലയും ഇന്ത്യന്‍ സബ്‌സിഡിയറിക്ക് സുസുക്കി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളിലെ വില്‍പ്പന കണക്കുകള്‍ മാരുതി സുസുക്കിക്ക് അത്ര പ്രതീക്ഷ നല്‍കുന്നില്ല. ഫ്രഞ്ച് കമ്പനി റെനോയുടെ എന്‍ട്രി ലെവല്‍ വിഭാഗത്തിലുള്ള ക്വിഡ് കടുത്ത മത്സരമാണ് അള്‍ട്ടൊയ്‌ക്കെതിരേ നടത്തുന്നത്. കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ അള്‍ട്ടൊ 7.4 ശതമാനം ഇടിവ് രേഖപ്പെടുത്തി 1,62,894 യൂണിറ്റ് വില്‍പ്പന നടത്തിയപ്പോള്‍ ഒരു വര്‍ഷം മുമ്പ് 11044 യൂണിറ്റ് വില്‍പ്പന നടത്തിയിരുന്ന ക്വിഡ് കഴിഞ്ഞ മാസം 73,676 യൂണിറ്റ് വില്‍പ്പന നേട്ടം കൈവരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആള്‍ട്ടൊയ്ക്ക് 42 ശതമാനം ഇടിവാണ് വിപണി പങ്കാളിത്തത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇക്കാലയളവില്‍ ക്വിഡ് നേടിയത് 20 ശതമാനം വിപണി പങ്കാളിത്ത വളര്‍ച്ചയാണ്.
പുതിയ ചെറുകാര്‍ നിര്‍മാണ പദ്ധതി മാരുതി സുസുക്കി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. വൈ1കെ എന്ന കോഡില്‍ വിളിക്കപ്പെടുന്ന ഈ കാര്‍ 2019 ഫെസ്റ്റിവല്‍ സീസണില്‍ വിപണിയിലെത്തുമെന്നാണ് പ്രീതക്ഷ. പുതിയ നിയമമാനദണ്ഡങ്ങള്‍ അഭിമുഖീകരിക്കുന്നതിന് പുതിയ പ്ലാറ്റ്‌ഫോമിലാണ് അള്‍ട്ടൊ ന്യൂജനറേഷന്‍ കമ്പനി നിര്‍മിക്കുക. ഇതിനായി കമ്പനിയുടെ ഹരിയാനയിലുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കേന്ദ്രത്തില്‍ 2,000 കോടി രൂപയുടെ നിക്ഷേപമാണ് മാരുതി നടത്താനൊരുങ്ങുന്നത്.
ബുക്കിംഗ് കൂടി: ആര്‍സി ഭാര്‍ഗവ
യാത്രാ വാഹന വിപണിയില്‍ ട്രെന്‍ഡ് വീണ്ടും പഴയ സ്ഥിതിയിലെത്തിയെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി. ഈ മാസം ഇതുവരെ മാരുതിയുടെ ബുക്കിംഗില്‍ ഏഴ് ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ കഴിഞ്ഞ മാസം കമ്പനിയുടെ ബുക്കിംഗില്‍ 20 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ഗ്രാമീണ വിപണിയില്‍ പോലും വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഈ മേഖലയില്‍ കഴിഞ്ഞ മാസം 11 ശതമാനം വില്‍പ്പന ഇടിവ് രേഖപ്പെടുത്തിയിരുന്ന മാരുതിക്ക് ഈ മാസം 20 ശതമാനം നേട്ടം കൈവരിക്കാന്‍ സാധിച്ചു. -ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Auto