ഭൂവില താഴുന്നത് അഫോഡബിള്‍  ഹൗസിംഗിനെ പ്രോത്സാഹിപ്പിക്കും

ഭൂവില താഴുന്നത് അഫോഡബിള്‍  ഹൗസിംഗിനെ പ്രോത്സാഹിപ്പിക്കും

അനുജ് പുരി

നോട്ട് റദ്ദാക്കലിനു ശേഷം, അഫോഡബിള്‍ ഹൗസിംഗ് വിഭാഗത്തില്‍ വലിയ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് അടുത്ത കുറച്ചു വര്‍ഷത്തേക്ക് ഭൂമി വില താഴ്ന്നുനില്‍ക്കുമെന്നതിനാല്‍, മെട്രോയുടെ ഇടുങ്ങിയ പ്രദേശങ്ങളില്‍ ഈ വിഭാഗം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച്, ഇന്ത്യയിലെ മെട്രോ സിറ്റികളുടെ ചുറ്റും വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളിലും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും. നവംബര്‍ എട്ടിന് വൈകിട്ട് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം, കൃഷി ഭൂമിയുടെ ഇടപാടിനെ കാര്യമായി ബാധിച്ചുകഴിഞ്ഞു.

ഇന്ത്യന്‍ കറന്‍സികളായ ആയിരത്തിനും അഞ്ഞൂറിനും നവംബര്‍ ഒന്‍പത് മുതല്‍ മൂല്യമില്ലാതായിരിക്കുകയാണ്. ഭൂമി വില്‍പ്പനയിലും വാങ്ങലുകളിലും പണ രൂപത്തിലുള്ള ഇടപാടുകള്‍ക്കാണ് മുന്‍ഗണന. ഇപ്പോഴത്തെ അവസ്ഥയില്‍ റിയല്‍റ്റി രംഗം പഴയ സാഹചര്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ യാതൊരുവിധ സാധ്യതകളും നിലനില്‍ക്കുന്നില്ല. പഴയ നോട്ടുകള്‍ ഉപയോഗിച്ച് യാതൊരുവിധ ഇടപാടുകളും ഇനി നടക്കുകയില്ലെന്നതും സ്രോതസ് ഇല്ലാത്ത പണം വെളിപ്പെടുത്തണം എന്ന സര്‍ക്കാരിന്റെ നിഷ്‌കര്‍ഷയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സൂക്ഷ്മപരിശോധനയെന്ന വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ട്.

പ്രാന്ത പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് വില കുറയും

1. വലിയ നഗരങ്ങളില്‍ നിന്നു മാറിയുള്ള ഉപ വിപണികളിലോ പ്രാന്ത പ്രദേശങ്ങളിലോ നിര്‍മിച്ച വീടുകളുടെ വില മറ്റു വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവായിട്ടാണ് അനുഭവപ്പെടുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഈ പ്രദേശങ്ങളിലെ വീടുകളുടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് മുംബൈ മെട്രോ മേഖലയില്‍ നിന്നും മാറിയുള്ള വസായ്-വിരാര്‍, കല്യാണ്‍ ദോംബിവിലി, ഷില്‍ഫാത്ത എന്നിവിടങ്ങളില്‍ വീടുകളുടെ വിതരണത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
2. ജയ്പൂര്‍, സൂറത്ത്, ഇന്‍ഡോര്‍ തുടങ്ങിയ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങള്‍ ദീര്‍ഘനാളത്തേക്ക് നിലനില്‍ക്കും. വടക്കന്‍ കൊല്‍ക്കത്തയിലെ ഉപ വിപണിയില്‍ അടുത്ത മൂന്നു മുതല്‍ നാല് പാദത്തിലേക്ക് കാര്യമായ വിലക്കുറവ് ദൃശ്യമാകും. വരുന്ന ഒരു വര്‍ഷത്തേക്ക് ഇവിടത്തെ ഭൂമി വിലയില്‍ ഇടിവും രേഖപ്പെടുത്തും.
3. ഹൈദരാബാദിന്റെ പ്രാന്ത പ്രദേശങ്ങളായ ഉപ്പല്‍, എല്‍ബി നഗര്‍, ഷാമിര്‍പെറ്റ് തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ പദ്ധതികളാരംഭിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളേക്കാള്‍ ഉപരിയായി റോ ഹൗസുകളായിരിക്കും ഉണ്ടാവുക. മെട്രോ പദ്ധതികളില്‍ ഇഴച്ചിലുകള്‍ അനുഭവപ്പെടുന്നതിനാല്‍, ഇവിടത്തെ ഭൂമി വിലയിലും അതിനനുസരിച്ച് മാറ്റമുണ്ടാകും.

മറ്റ് നഗരങ്ങളിലും സമാന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. എന്നിരുന്നാലും, ഇത്തരം പ്രദേശങ്ങളെ അടുത്ത ആറ് മുതല്‍ പന്ത്രണ്ട് മാസത്തേക്ക് നിരീക്ഷിച്ചുകൊണ്ടിരിക്കണം. എന്തൊക്കെ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഏത് കാലയളവിലാണ് വിലക്കുറവ് ദൃശ്യമാകുകയെന്ന് പരിശോധിച്ചുകൊണ്ടിരിക്കണം. ഇവിടങ്ങളിലെ പ്രാദേശിക ആവശ്യകതയനുസരിച്ച് രൂപപ്പെടുന്ന വിതരണത്തിലെ ചലനാത്മകതയില്‍ ചില മാറ്റങ്ങളുണ്ടായേക്കാം.

(ജെഎല്‍എല്‍ ഇന്ത്യ ചെയര്‍മാനും തലവനുമാണ് ലേഖകന്‍)

Comments

comments

Categories: FK Special
Tags: house, land price