2016ല്‍ ധോണിയേക്കാള്‍ പണം സമ്പാദിച്ചത് കോഹ്‌ലി

2016ല്‍ ധോണിയേക്കാള്‍ പണം സമ്പാദിച്ചത് കോഹ്‌ലി

 

മുംബൈ: 2016 വര്‍ഷത്തില്‍ ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയേക്കാള്‍ കൂടുതല്‍ പണം സമ്പാദിച്ച് ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി. ഫോബ്‌സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ സമ്പന്നരായ 100 സെലിബ്രിറ്റികളുടെ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഫോബ്‌സ് മാഗസിന്റെ പട്ടികയില്‍ വിരാട് കോഹ്‌ലി നാലാമതും മഹേന്ദ്ര സിംഗ് ധോണി അഞ്ചാം സ്ഥാനത്തുമാണുള്ളത്.

മഹേന്ദ്ര സിംഗ് ധോണിയേക്കാള്‍ ഏകദേശം 12 കോടിയോളം രൂപയാണ് ഈ വര്‍ഷം വിരാട് കോഹ്‌ലി അധികം സമ്പാദിച്ചത്. പരസ്യങ്ങളില്‍ നിന്നും മത്സരങ്ങളില്‍ നിന്നുമായി വിരാട് കോഹ്‌ലി 134.4 കോടി രൂപയാണ് ഈ വര്‍ഷം സ്വന്തമാക്കിയത്. ഫോബ്‌സ് മാഗസിനിന്റെ ഫെയിം റാങ്കിംഗില്‍ ഒന്നാം സ്ഥാനവും ടെസ്റ്റ് ക്യാപ്റ്റന്‍ സ്വന്തം പേരിലാക്കി.

പതിനേഴ് പ്രമുഖ ബ്രാന്‍ഡുകളുമായാണ് വിരാട് കോഹ്‌ലിക്ക് നിലവില്‍ പരസ്യ കരാറുളളത്. ഈ വര്‍ഷം കളിയില്‍ മികച്ച ഫോം കണ്ടെത്താന്‍ സാധിച്ചതും വിരാട് കോഹ്‌ലിയുടെ മൂല്യം ഉയരുന്നതിന് വളരെയധികം സഹായകരമായി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും മൂന്ന് ഡബിള്‍ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1000 റണ്‍സിലധികം നേടുവാനും വിരാട് കോഹ്‌ലിക്ക് ഈ വര്‍ഷം സാധിച്ചു.

അതേസമയം, ഫോബ്‌സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ടീം ഇന്ത്യ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഈ വര്‍ഷത്തെ സമ്പാദ്യം 122.48 കോടി രൂപയാണ്. ഫെയിം റാങ്കിംഗില്‍ നാലാം സ്ഥാനമാണ് ധോണിക്ക് ഫോബ്‌സ് നല്‍കിയിരിക്കുന്നത്. കളിക്കളത്തില്‍ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ ധോണിക്ക് സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിത കഥ പ്രമേയമായ സിനിമ ആ വര്‍ഷം ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മഹേന്ദ്ര സിംഗ് ധോണിയുടെ സിനിമ ഇന്ത്യയില്‍ നിന്ന് മാത്രം 130 കോടി രൂപ വാരിക്കൂട്ടിയിരുന്നു. ഫോബ്‌സ് പട്ടികയില്‍ കോഹ്‌ലി, ധോണി എന്നിവര്‍ ഒഴികെ ആദ്യ അഞ്ചിലെ മൂന്ന് പേരും ബോളിവുഡ് താരങ്ങളാണ്. സല്‍മാന്‍ ഖാന്‍, ഷാാരൂഖ് ഖാന്‍ എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍. അക്ഷയ് കുമാര്‍ ഫോബ്‌സ് പട്ടികയുടെ നാലാം സ്ഥാനത്തും ഇടം കണ്ടെത്തി.

Comments

comments

Categories: Sports