ഗേറ്റ്‌വേ മലബാര്‍ ഹോളിഡേയ്‌സ്; ആതിഥ്യത്തിന്റെ അവസാന വാക്ക്

ഗേറ്റ്‌വേ മലബാര്‍ ഹോളിഡേയ്‌സ്; ആതിഥ്യത്തിന്റെ അവസാന വാക്ക്

കുട്ടിക്കാലം മുതല്‍ ബിസിനസുകാരനാവണമെന്ന ആഗ്രഹം മനസില്‍ കൊണ്ടുനടന്ന ഒരു കുട്ടി. അക്കാലങ്ങളില്‍ പടര്‍ന്നുപന്തലിച്ചുകിടക്കുന്ന ഈ മേഖലയുടെ വ്യാപ്തി എത്രത്തോളമുണ്ട് എന്നതിനെക്കുറിച്ച് അവനു കാര്യമായ അറിവുണ്ടായിരുന്നില്ല. വലുതാകുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്നു ചോദിച്ചിരുന്നവരോട് ആ രണ്ടാംക്ലാസുകാരന്‍ പറഞ്ഞിരുന്നതാകട്ടെ തനിക്ക് ഒരു ബിസിനസുകാരനാവണമെന്നും. കുട്ടിക്കാലത്ത് ആരെങ്കിലും എന്തെങ്കിലും കച്ചവടം ചെയ്യുന്നതു കണ്ടാല്‍പ്പോലും നോക്കി നില്‍ക്കുന്നതില്‍ നിന്ന് തുടങ്ങിയതാണ് ജിഹാദ് ഹുസൈന്‍ എന്ന കുട്ടിയുടെ ബിസിനസിനോടുള്ള ഭ്രമം. വളര്‍ന്നു വലുതായപ്പോള്‍ തന്റെ ആഗ്രഹം മനസില്‍ സൂക്ഷിക്കാന്‍ അവന്‍ ഒരുക്കമായിരുന്നില്ല. ഉന്നതപഠനത്തിനായി കംപ്യൂട്ടര്‍ സയന്‍സ് തെരഞ്ഞെടുത്ത് ടെക്‌നോപാര്‍ക്കില്‍ ജോലിയും സ്വന്തമാക്കി. എന്നാല്‍ അധികകാലം ആ ജോലിയില്‍ തുടരാന്‍ അവന്‍ ഒരുക്കമായിരുന്നില്ല. കാരണം മറ്റൊന്നുമല്ല, ഒരാളുടെ കീഴില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ സ്വന്തമായി എന്തെങ്കിലും ചെയ്യുകയെന്ന ആഗ്രഹത്തിന് ജിഹാദ് ഹുസൈനെന്ന യുവാവില്‍ ജീവന്‍ വച്ച സമയമായിരുന്നു അത്. പിന്നീട് കുറച്ചുകാലം അദ്ദേഹം റിയല്‍ എസ്റ്റേറ്റ് രംഗം തന്റെ പ്രവര്‍ത്തനമണ്ഡലമാക്കി മാറ്റി. അതിനു ശേഷമായിരുന്നു ടൂറിസം മേഖലയിലേക്ക് ജിഹാദ് ഹുസൈന്‍ പ്രവേശിച്ചത്.

അങ്ങനെയാണ് സ്വന്തം സ്ഥാപനമായ ഗേറ്റ്‌വേ മലബാര്‍ ഹോളിഡേയ്‌സിന് തുടക്കമിടുന്നത്. 2005-ല്‍ കോഴിക്കോട് ജില്ലയില്‍ ഒരു വാടകക്കെട്ടിടത്തിലായിരുന്നു തുടക്കം. കോഴിക്കോട്ടുകാരനായതുകൊണ്ടുതന്നെ സ്ഥാപനത്തിന്റെ പേരിനൊപ്പം മലബാറും ഒപ്പമുണ്ടായിരുന്നു. മാത്രവുമല്ല, തീര്‍ത്തും ചെറിയ സ്ഥാപനമായി തുടക്കമിട്ടപ്പോള്‍ തന്റെ ആഗ്രഹം അക്കാലങ്ങളില്‍ അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ജിഹാദ് ഹുസൈന്‍ പറയുന്നത്. കോഴിക്കോട് തുടങ്ങിയ ഗേറ്റ്‌വേ മലബാറിന് പിന്നീടുള്ള നാളുകളില്‍ ഒട്ടനവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. ആദ്യ മൂന്നു വര്‍ഷം പ്രതിസന്ധികളുടെ കാലങ്ങളായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ജിഹാദ് ഹുസൈനെ സംബന്ധിച്ചിടത്തോളം കമ്പനി നടത്തിക്കൊണ്ട് പോവുകയെന്നതായിരുന്നില്ല മുന്‍പിലുണ്ടായിരുന്ന പ്രതിസന്ധി. മറിച്ച് തനിക്ക് ബിസിനസ് ലഭിക്കുന്നില്ലായെന്നതായിരുന്നു. മാത്രവുമല്ല, ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ ടൂറിസം മേഖലയെക്കുറിച്ച് മതിയായ അവബോധം അദ്ദേഹത്തിനുണ്ടായിരുന്നില്ല. കാര്യമായി ഒന്നുമറിയാതെയായിരുന്നു ആദ്യകാലങ്ങളില്‍ ബിസിനസ് നടത്തിയിരുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം എല്ലാ ജോലികളും അദ്ദേഹം അപ്പോള്‍ തന്നെ ചെയ്യുകയായിരുന്നു പതിവ്. ടൂറിസ്റ്റുകളെ കൊണ്ടുപോകാന്‍ ഡ്രൈവറായി പോലും അദ്ദേഹം പോയിരുന്നു.

arabjihaതാന്‍ തെരഞ്ഞെടുത്ത മേഖലയില്‍, അല്ലെങ്കില്‍ തന്റെ ബിസിനസില്‍ കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ആളുണ്ടായിരുന്നില്ല എന്നതാണ് തന്നെ അലട്ടിയിരുന്ന പ്രശ്‌നമെന്നാണ് ജിഹാദ് വ്യക്തമാക്കുന്നത്. ”ടൂറിസം മേഖലയിലേക്ക് ഒരു വെളിച്ചം തരാന്‍ ആരുമുണ്ടായിരുന്നില്ല. മനസിലുണ്ടായിരുന്ന ആഗ്രഹത്തിന്റെ പുറത്തായിരുന്നു എന്റെ സ്ഥാപനത്തിന്റെ നിലനില്‍പ്പ്,” ഗേറ്റ്‌വേ മലബാര്‍ ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടര്‍ ജിഹാദ് ഹുസൈന്‍ പറയുന്നു. തുടക്കകാലങ്ങളിലെ പ്രതിസന്ധികള്‍ തരണംചെയ്യാന്‍ ഒരുപാട് കാലം വേണ്ടിവന്നു. അതിനിടയില്‍ മൂന്ന് തവണ കമ്പനി നിര്‍ത്തുന്നതിനെക്കുറിച്ചുപോലും അദ്ദേഹം ചിന്തിച്ചു. പിന്നീട് ടൂറിസം മേഖലയില്‍ സുസ്ഥിരമായ ഒരു നിലനില്‍പ്പുതന്നെ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിനായി. പിന്നിടുള്ള നാളുകളില്‍ മികച്ച രീതിയിലുള്ള വളര്‍ച്ച തന്നെയായിരുന്നു സ്ഥാപനത്തിനു നേടാനായത്.
ബിസിനസ് തന്റെ കമ്പനിയെ തേടിയെത്തുന്നില്ലായെന്നതായിരുന്നു തുടക്കകാലങ്ങളില്‍ അദ്ദേഹത്തെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം. സ്ഥാപനത്തിന്റെ കുറച്ച് ബ്രോഷര്‍ പ്രിന്റ് ചെയ്ത് അദ്ദേഹം പരിചയക്കാര്‍ക്കു വിതരണം ചെയ്തു. ”ധാരാളം യാത്ര ചെയ്യുന്നവരും ബ്ലോഗുകളില്‍ യാത്രാവിവരണം എഴുതുന്നവരുമായവര്‍ അത് കാണുകയും യാത്രയ്ക്കായി ഞങ്ങളെ ആശ്രയിക്കുകയും ചെയ്തു,” ജിഹാദ് ഓര്‍മിക്കുന്നു. തുടക്കത്തിലുള്ള ബിസിനസൊക്കെ അങ്ങനെയായിരുന്നു. പിന്നീട് അവരെഴുതിയ നിരൂപണം വായിച്ച ആളുകളും എത്തിത്തുടങ്ങുകയായിരുന്നു.
ബിസിനസിന്റെ തുടക്കകാലങ്ങളില്‍ ജീവനക്കാരുടെ പരിമിതികള്‍ മൂലം പല കാര്യങ്ങളും ജിഹാദ് തനിച്ചായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ കമ്പനി മികച്ച രീതിയിലുള്ള വളര്‍ച്ച കാഴ്ചവച്ചപ്പോഴും അദ്ദേഹം ആ ശൈലി തന്നെ തുടര്‍ന്നുപോന്നു. എതെങ്കിലുമൊരു പുതിയ കാര്യം ചെയ്യുമ്പോഴും അത് തനിച്ച് ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ടാക്‌സേഷന്‍, രജിസ്‌ട്രേഷന്‍ തുടങ്ങി കമ്പനിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും എങ്ങിനെയാണ് ചെയ്യുന്നതെന്ന് താന്‍ അറിഞ്ഞിക്കണമെന്നതിനാലാണ് അദ്ദേഹം തന്നെ ഇതിനായി മുന്നിട്ടിറങ്ങിയത്. തുടക്കകാലത്ത് പ്രധാനമായും അറബ് മാര്‍ക്കറ്റിലായിരുന്നു ഗേറ്റ്‌വേ മലബാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് അറബ് മാര്‍ക്കറ്റില്‍ ആരും സാന്നിധ്യമറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അതവര്‍ക്കൊരു പുതിയ മാര്‍ക്കറ്റ് തന്നെയായിരുന്നു.
കേരളത്തിലേക്കെത്തുന്ന അറബികളെ സ്വീകരിക്കാനും അവരുമായി ഇടപെടാനും മറ്റും അറബി ഭാഷ തന്നെ ഉപയോഗിച്ചതായിരുന്നു ഗേറ്റ്‌വേ മലബാറിന്റെ വിജയരഹസ്യങ്ങളില്‍ പ്രധാനം. കേരളത്തിലേക്കെത്തുന്ന വിനോദ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം നിലനിന്നിരുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന് പരിഹരിക്കാന്‍ ഇതിലൂടെ ഗേറ്റ്‌വേ മലബാറിനു കഴിഞ്ഞു. ”നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം ഇവിടെ ജര്‍മന്‍, റഷ്യന്‍ ഭാഷകള്‍ സംസാരിക്കുന്ന ഗൈഡുകളുടെ എണ്ണം വളരെ കുറവാണ്. അതേസമയം, അറബ് ഭാഷ സംസാരിക്കുന്ന നിരവധി ഗൈഡുകളുണ്ടുതാനും. അറബ് ഭാഷ സംസാരിക്കുന്ന ഡ്രൈവര്‍മാരും നിരവധിപ്പേരുണ്ട് എന്നതുകൊണ്ടുതന്നെ അത് ഞങ്ങള്‍ക്ക് ഏറെ പ്രയോജനകരമായി. മാത്രവുമല്ല, ഗേറ്റ്‌വേ മലബാറിന്റെ ജീവനക്കാരില്‍ അറബിക് എംഎ കഴിഞ്ഞയാളുകളുമുണ്ട്. അറബി നന്നായി അറിയാവുന്ന ആളുകളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ടൂറിസത്തില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയാണ് ഞങ്ങളിപ്പോള്‍ ചെയ്യുന്നത്,” ജിഹാദ് ഹുസൈന്‍ വ്യക്തമാക്കുന്നു.
കോഴിക്കോട്, കൊച്ചി, ബംഗളൂരു, കൊളംബോ, ദുബായ് എന്നിവിടങ്ങളില്‍ നിലവില്‍ ഓഫീസുള്ള ഗേറ്റ്‌വേ മലബാറിന്റെ വരുംകാല ലക്ഷ്യങ്ങളില്‍ പ്രധാനം ദുബായ് ഓഫീസ് അടിസ്ഥാനമാക്കി അന്താരാഷ്ട്ര ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പുതിയ ബ്രാന്‍ഡ് ഉണ്ടാക്കിയെടുക്കുകയെന്നതാണ്. മാത്രവുമല്ല, ടൂറിസ്റ്റുകള്‍ക്കു വേണ്ടി സര്‍വീസ്ഡ് അപ്പാര്‍ട്ടുമെന്റ് സംവിധാനം ലഭ്യമാക്കുന്ന പദ്ധതികള്‍ക്കും ഇവര്‍ രൂപം നല്‍കിക്കഴിഞ്ഞു. ഇത്തരത്തില്‍ സ്വയം ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതു മുതല്‍ അവര്‍ക്കാവശ്യമായ എല്ലാക്കാര്യങ്ങളും ചെയ്യാനാവും. എല്ലാ ജോലികളും പൂര്‍ത്തിയാക്കിയ ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകളുടെ സേവനം ഒരു മാസം മുന്‍പു മുതല്‍ ടൂറിസ്റ്റുകള്‍ക്കു ലഭ്യമായിത്തുടങ്ങി. എറണാകുളം ജില്ലയിലെ പനങ്ങാടാണ് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കിയത്. മാത്രവുമല്ല, കോഴിക്കോട് ജില്ലയിലും ഇതേമാതൃകയിലുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

റോള്‍ മോഡല്‍ : ലീല ഗ്രൂപ്പ് സ്ഥാപകന്‍
ക്യാപ്റ്റന്‍ സി പി കൃഷ്ണന്‍ നായര്‍
തന്റെ നാല്‍പ്പത്തിയേഴാമത്തെ വയസില്‍ ഹോട്ടല്‍ ബിസിനസ് രംഗത്തേക്കു കടന്നുവന്ന അദ്ദേഹം തീര്‍ത്തും ശരിയായ മാര്‍ഗത്തില്‍ കൂടിയാണ് അദ്ദേഹം ബിസിനസ് നടത്തിയത്. ബിസിനസില്‍ അദ്ദേഹം തുടര്‍ന്നുവന്നിരുന്ന ശൈലികളും മാര്‍ഗങ്ങളും എക്കാലവും ഏറെ പ്രചോദനമായിട്ടുണ്ട്.

മോറല്‍ ഫിലോസഫി
ആരോടും പ്രത്യേക മമത കാണിക്കാതെ എല്ലാവരോടും ഒരുപോലെ തന്നെ പെരുമാറാന്‍ ശ്രമിക്കാറുണ്ട്. എന്തുകാര്യം ചെയ്യുമ്പോഴും ജീവനക്കാരുടെയും മറ്റും താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കാറുണ്ട്.

ഭാവിയിലേക്ക്
ദുബായ് കേന്ദ്രീകരിച്ച് ടൂറിസം രംഗത്ത് അന്താരാഷ്ട്ര ബ്രാന്‍ഡ് ആകാനാണ് ഗേറ്റ് വേ മലബാര്‍ ഹോളിഡേയ്‌സിന്റെ പദ്ധതി.

ബിസിനസില്‍ വിജയിക്കാനുള്ള ടിപ്‌സ്
ബിസിനസില്‍ മാത്രമല്ല, എല്ലാക്കാര്യങ്ങളിലും വിജയിക്കാനായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതില്‍ പ്രധാനം, മാതാപിതാക്കളെ ബഹുമാനിക്കുകയെന്നതാണ്. അവരുടെ അനുഗ്രഹം നമുക്ക് എന്നും വലിയൊരു ശക്തി തന്നെയായിരിക്കും.
ബിസിനസിനു വേണ്ടി തങ്ങളുടെ കഴിവുകള്‍ പൂര്‍ണമായി വിനിയോഗിക്കുക. ജീവനക്കാരില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുക എന്നതും പ്രധാനമാണ്.

Comments

comments

Categories: FK Special