ഇന്ത്യന്‍ ഐടി മേഖലയില്‍ കൂടുതല്‍ ഏറ്റെടുക്കലുകള്‍ ഉണ്ടാകും

ഇന്ത്യന്‍ ഐടി മേഖലയില്‍ കൂടുതല്‍ ഏറ്റെടുക്കലുകള്‍ ഉണ്ടാകും

ബെംഗളൂരു: സാങ്കേതികവിദ്യയിലെ മികവ് വര്‍ധിപ്പിക്കുന്നതിനായി 2017ല്‍ ഇന്ത്യന്‍ ഐടി സര്‍വീസ് കമ്പനികള്‍ കൂടുതല്‍ ചെറു കമ്പനികളെ ഏറ്റെടുക്കും. വിപ്രോ, കോഗ്നിസന്റ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളാണ് പുതു വര്‍ഷത്തിലും കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്താനൊരുങ്ങുന്നത്. ഡിജിറ്റല്‍, ലെഗസി സര്‍വീസ് ബിസിനസിലെ ആവശ്യകത വലിയ തോതില്‍ വളര്‍ച്ചനേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ കമ്പനികളുടെ വരുമാനത്തിന്റെ എണ്‍പത് ശതമാനത്തോളം നിലവില്‍ ഈ മേഖലയില്‍നിന്നാണ് വരുന്നത്. ഇത് മാറ്റമില്ലാതെ തുടരുമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

ഡിജിറ്റല്‍ ടെക്‌നോളജി ബിസിനസില്‍ വിപണി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിപ്രോ, കോഗ്നിസന്റ്, ഇന്‍ഫോസിസ്, ആക്‌സെഞ്ച്വര്‍ തുടങ്ങിയ കമ്പനികള്‍ ഈ വര്‍ഷം വലിയ തോതിലുള്ള ഏറ്റെടുക്കലുകളാണ് നടത്തിയത്. രണ്ട് ചെറു കമ്പനികള്‍ ഏറ്റെടുക്കുന്നതിന് വിപ്രോ മാത്രം ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. ചെറു കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും ഏറ്റെടുക്കുന്നതിന് ഇന്‍ഫോസിസ്, വിപ്രോ എന്നിവ യഥാക്രമം 500 മില്യണ്‍ ഡോളര്‍, 100 മില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ വൈദഗ്ധ്യമുള്ള ചെറു കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും ഏറ്റെടുക്കുന്നതിന് മറ്റ് ഐടി കമ്പനികളും ഈ വര്‍ഷം വലിയ തോതില്‍ നിക്ഷേപം നടത്തി.
ഈ വര്‍ഷം ജൂണ്‍ വരെ ആഗോളതലത്തില്‍ 260 ബില്യണ്‍ ഡോളറിന്റെ മെര്‍ജര്‍ ആന്‍ഡ് അക്വിസിഷന്‍ കരാറുകള്‍ ടെക്‌നോളജി മേഖലയില്‍ ഉണ്ടായതായി ഡീലോജികിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൈക്രോസോഫ്റ്റ് 26.2 ബില്യണ്‍ ഡോളറിന് ലിങ്ക്ഡ്ഇന്‍ ഏറ്റെടുക്കുന്നത്, ഡെല്‍ സര്‍വ്വീസസിനെ എന്‍ടിടി ഡാറ്റ ഏറ്റെടുക്കുന്നത് (3.1 ബില്യണ്‍ ഡോളര്‍), ബ്ലൂ കോട്ട് സിസ്റ്റംസിനെ സിമാന്റെക് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നത് (4.65 ബില്യണ്‍ ഡോളര്‍) എന്നിവയാണ് ആഗോളതലത്തിലെ പ്രധാന മെര്‍ജര്‍ ആന്‍ഡ് അക്വിസിഷന്‍ പ്രഖ്യാപനങ്ങള്‍.
അടുത്ത വര്‍ഷം വലിയ ഐടി കമ്പനികള്‍ ചെറു കമ്പനികളെ വാങ്ങുന്നത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗ്ലോബല്‍ ടെക്‌നോളജി റിസര്‍ച്ച് സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ ബെന്‍ഡര്‍-സാമുവല്‍ പറഞ്ഞു.

Comments

comments

Categories: Business & Economy