വീഡിയോ സ്ട്രീമിംഗ് സര്‍വീസുകള്‍ ഡിടിഎച്ച് കമ്പനികളെ ആശങ്കയിലാക്കുന്നു

വീഡിയോ സ്ട്രീമിംഗ് സര്‍വീസുകള്‍ ഡിടിഎച്ച് കമ്പനികളെ ആശങ്കയിലാക്കുന്നു

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് സര്‍വീസുകള്‍ ഡിടിഎച്ച് ഉപഭോക്താക്കളെ റാഞ്ചുന്നതായി റിപ്പോര്‍ട്ട്. നെറ്റ്ഫളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ വീഡിയോ സ്ട്രീമിംഗ് സേവനങ്ങള്‍ മിതമായ നിരക്കില്‍ കൂടുതല്‍ വ്യത്യസ്തമായ സര്‍വീസുകള്‍ ലഭ്യമാക്കുന്നത് ഡിടിഎച്ച് ഉപഭോക്താക്കളുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ആരംഭത്തിലാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ സര്‍വീസ് ആരംഭിച്ചത്. അടുത്തിടെ യുഎസ് ആസ്ഥാനമായ ഇ കൊമേഴ്‌സ് വമ്പനായ ആമസോണും തങ്ങളുടെ ആമസോണ്‍ പ്രൈം സേവനം ഇന്ത്യയില്‍ അവതരിപ്പിച്ചു. ലഭ്യമാക്കുന്ന സേവനങ്ങളുടെ നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസമാണ് ഡിടിഎച്ച് ഉപഭോക്താക്കളെ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലേക്ക് അടുപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
പ്രതിമാസം 735 നിരക്കില്‍ ടാറ്റാ സ്‌കൈ സബ്‌സ്‌ക്രിപ്ഷനിലൂടെ പ്രേക്ഷകര്‍ക്ക് ഒരു കൂട്ടം ഹിന്ദി, ഇംഗ്ലീഷ്, ചാനലുകളും വാര്‍ത്താ ചാനലുകളും ദൂരദര്‍ശന്‍ ചാനലുകളും ലഭ്യമാകുന്നിടത്ത് നെറ്റ്ഫളിക്‌സ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത് നാര്‍കോസ്, ജെസിക്ക ജോണ്‍സ് തുടങ്ങിയ ഇംഗ്ലീഷ് നാടകങ്ങളുടെ ഏറ്റവും പുതിയ സീസണും, പുതിയ ചലച്ചിത്രങ്ങളും കാണാനുള്ള അവസരമാണ്. പ്രതിമാസം 800 രൂപയാണ് നെറ്റ്ഫളിക്‌സ് നിരക്ക് ഈടാക്കുന്നത്.ആമസോണ്‍ പ്രൈം വീഡിയോ സര്‍വീസിന് 499 രൂപയാണ് വാര്‍ഷിക നിരക്ക്. ഹാന്‍ ഓഫ് ഗോഡ്, ഇന്‍ ടു ദ ബാഡ്‌ലാന്‍ഡ് തുടങ്ങിയ എക്‌സ്‌ക്ലൂസിവ് ഉള്ളടക്കങ്ങളാണ് ആമസോണ്‍ പ്രൈം ലഭ്യമാക്കുന്നതെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ മേധാവിയുടെ ഡയറക്റ്ററായ നിതീഷ് കൃപാലാനി പറഞ്ഞു. ഇന്ത്യന്‍ ആയാലും അമേരിക്കന്‍ ആയാലും പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്നത് മികച്ച പ്രോഗ്രാമുകളാണ്. മുടക്കുന്ന പണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള സേവനം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു കഴിഞ്ഞാല്‍ അത്തരം സേവനങ്ങളെ തീര്‍ച്ചയായും ഉപഭേക്താക്കള്‍ തെരഞ്ഞെടുക്കുമെന്നും നിതീഷ് പറയുന്നു.
ക്രോം ഡാറ്റ അനലിറ്റിക്‌സും മീഡിയ റിസര്‍ച്ച് സംരംഭമായ മീഡിയയും പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് ടിവിയുള്ള 168 മില്യണ്‍ കുടുംബങ്ങളാണുള്ളത്. ഇതില്‍ 9 മില്യണ്‍ ആളുകള്‍ എച്ച്ഡി സബ്‌സ്‌ക്രൈബേഴ്‌സ് ആണ്. ഓണ്‍ലൈന്‍ വീഡിയോ പ്രേക്ഷകരില്‍ കൂടുതലും നഗരങ്ങളില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ നഗര പ്രദേശങ്ങളിലെ 137 മില്യണ്‍ ആളുകളും കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് ഒരു തവണയെങ്കിലും ഓണ്‍ലൈന്‍ വീഡിയോ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉള്ളടക്കത്തിലെ വ്യത്യസ്തത ഒന്നിലധികം സേവനങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലേക്കും ഉപഭോക്താക്കളെ കൊണ്ടെത്തിക്കുന്നു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് ടിവിയിലേക്ക് മാറുന്നതിന്റെ കാരണം കൂടുതല്‍ സാധ്യതകള്‍ ലഭിക്കുന്നതിനാലാണെന്ന് നെറ്റ്ഫിളിക്‌സ് എഷ്യ കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ജെസീക്ക ലീ പറയുന്നു. 2016ന്റെ രണ്ടാം പാദത്തില്‍ 83 മില്യണായിരുന്ന നെറ്റ്ഫ്‌ളിക്‌സിന്റെ ഉപഭോക്തൃ അടിത്തറ മൂന്നാം പാദത്തില്‍ 86 മില്യണിലെത്തിയതായും ലീ ചൂണ്ടിക്കാട്ടി.
ഹോട്ട്‌സ്റ്റാര്‍, വൂട്ട് തുടങ്ങിയ സേവനങ്ങളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍, വ്യൂവര്‍ഷിപ്പ് പാറ്റേണിലുള്ള മാറ്റത്തിന് ഇന്ത്യന്‍ വിപണി തയാറല്ലെന്നാണ് ടെലിവിഷന്‍ ഓപ്പറേറ്റര്‍മാരുടെ വാദം. രാജ്യത്ത് കേബിള്‍ നിരക്ക് ഇപ്പോഴും കുറവാണ്. ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രധാന വിനേദോപാധി കേബിള്‍ ടിവിയാണെന്ന ആത്മവിശ്വാസവും ടാറ്റാസ്‌കൈ എംഡിയും സിഇഒയുമായ ഹരിത് നഗ്പാല്‍ പങ്കുവെക്കുന്നു.

Comments

comments

Categories: Branding