ഉരുക്ക് ഉല്‍പ്പാദക കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ഐസിഐസിഐ ബാങ്ക്

ഉരുക്ക് ഉല്‍പ്പാദക കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ഐസിഐസിഐ ബാങ്ക്

 

മുംബൈ: പൂനെ ആസ്ഥാനമായ ഉരുക്ക് ഉല്‍പ്പാദക കമ്പനിയായ ഇന്നൊവെന്റീവ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെതിരെ കോര്‍പ്പറേറ്റ് പാപ്പരത്ത നടപടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഐസിഐസിഐ ബാങ്ക് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കി. 2016 ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി നിയമമനുസരിച്ച് ഫയല്‍ ചെയ്യുന്ന ആദ്യ ഹര്‍ജിയാണിത്. ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയിലെ 6.7 ട്രില്യണ്‍ രൂപയുടെ കിട്ടാക്കടപ്രശ്‌നം പരിഹരിക്കുന്നതിന് പുതിയ നിയമം എങ്ങനെ സഹായിക്കുമെന്ന് മാറ്റുരച്ചുനോക്കുന്ന ആദ്യ അവസരമായിരിക്കും ഈ കേസ്.

സെപ്റ്റംബര്‍ അവസാനത്തിലെ കണക്കനുസരിച്ച് പൂനെ ആസ്ഥാനമായ ഉരുക്കുല്‍പ്പാദക കമ്പനിക്ക് 955 കോടി രൂപയുടെ വായ്പാബാധ്യതയുണ്ട്. എന്നാല്‍ തങ്ങള്‍ കടം വീട്ടാന്‍ കഴിയാത്ത അവസ്ഥയിലല്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിന്റെ വ്യവസായ-നിയമ-തൊഴില്‍ വകുപ്പുകള്‍ ഈ വര്‍ഷം ജൂലൈ 22 മുതല്‍ 2017 ജൂലൈ 21 വരെതങ്ങളുടെ ബാധ്യതകള്‍ തിരിച്ചടയ്ക്കുന്നതില്‍നിന്ന് താല്‍ക്കാലിക ഇളവ് നല്‍കിയിട്ടുണ്ടെന്നും കേസ് പരിഗണിച്ചപ്പോള്‍ കമ്പനി അധികൃതര്‍ ട്രിബ്യൂണലിനെ അറിയിച്ചു.

ട്രിബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു. ഇന്നൊവെന്റീവ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ചന്ദു എല്‍ ചവാനും പ്രതികരിക്കാന്‍ വിസമ്മതിച്ചു.

Comments

comments

Categories: Banking