രഞ്ജി ക്രിക്കറ്റ്: ലോക റെക്കോര്‍ഡുമായി സമിത് ഗോഹല്‍

രഞ്ജി ക്രിക്കറ്റ്:  ലോക റെക്കോര്‍ഡുമായി സമിത് ഗോഹല്‍

 
ജയ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയോടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഗുജറാത്ത് താരം സമിത് ഗോഹല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരിന്നിംഗ്‌സില്‍ പുറത്താകാതെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഓപ്പണിംഗ് ബാറ്റ്‌സ്മാനെന്ന ലോക റെക്കോര്‍ഡാണ് സമിത് ഗോഹല്‍ സ്വന്തം പേരിലാക്കി മാറ്റിയത്.

ഒഡീഷക്കെതിരായ മത്സരത്തില്‍ പുറത്താകാതെ 359 റണ്‍സാണ് സമിത് ഗോഹല്‍ അടിച്ചെടുത്തത്. 723 പന്തുകളില്‍ 45 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഗുജറാത്ത് താരത്തിന്റെ ട്രിപ്പിള്‍ സെഞ്ച്വറി. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ബോബി എയ്ബലിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇതോടെ വഴിമാറിയത്.

1899ല്‍ സറേയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 357 റണ്‍സായിരുന്നു ബോബി എയ്ബല്‍ നേടിയത്. സമിത് ഗോഹലിന്റെ മികവില്‍ 641 റണ്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഗുജറാത്ത് സ്വന്തമാക്കിയത്. ഒഡീഷയ്‌ക്കെതിരായ മത്സരം സമനിലയില്‍ കലാശിച്ചതോടെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ ബലത്തില്‍ ഗുജറാത്ത് രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

Comments

comments

Categories: Sports