ഐടി ക്രമക്കേടുകള്‍ ബാങ്കുകള്‍ രണ്ട് മണിക്കൂറിനകം അറിയിക്കണമെന്ന് കേന്ദ്രം

ഐടി ക്രമക്കേടുകള്‍ ബാങ്കുകള്‍ രണ്ട് മണിക്കൂറിനകം അറിയിക്കണമെന്ന് കേന്ദ്രം

 

ന്യൂഡെല്‍ഹി: ഐടി ക്രമക്കേടുകള്‍ സംഭവിച്ചാല്‍ രണ്ട് മണിക്കൂറിനകം അറിയിക്കണമെന്ന് എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി തുടങ്ങി രാജ്യത്തെ എല്ലാ പ്രമുഖ ബാങ്കുകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ സൈബര്‍ ഹാക്കിംഗിനെതിരായ നടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ ഇടപാടുകളുടെ ഭാഗമായി ലഭിക്കുന്ന ഇടപാടുകാരുടെ വ്യക്തിഗതവും സാമ്പത്തികവും രഹസ്യ സ്വഭാവമുള്ളതുമായ ഡാറ്റയുടെ വലിയ ശേഖരം സാമ്പത്തിക നേട്ടത്തിനായി സാമ്പത്തിക ഇടനിലക്കാര്‍ ചോര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിച്ചതായും ഐടി സെക്രട്ടറി അരുണ സുന്ദര്‍രാജന്‍ പറഞ്ഞു. ഇടപാടുകാരുടെ അനുമതിയില്ലാതെ അവരെ സംബന്ധിച്ച ഒരു വിവരവും ആരുമായും പങ്കുവെക്കരുതെന്നും അരുണ സുന്ദര്‍രാജന്‍ നിര്‍ദ്ദേശിച്ചു.

ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമം നിര്‍മിക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നു. സേവനദാതാക്കളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ഐടി സെക്രട്ടറി പറഞ്ഞു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും. രാജ്യത്തിന്റെ ഐടി നിയമം കാലോചിതമായി ഭേദഗതി ചെയ്യുന്നതിന് ആലോചിക്കുന്നതായും അരുണ സുന്ദര്‍രാജന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ധനകാര്യ-ആഭ്യന്തര മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തും.

നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം രാജ്യത്ത് മൊബീല്‍ വാലറ്റ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, പിഒഎസ് മെഷീന്‍ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്. ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനുള്ള സാധ്യതകളും കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. വിവിധ ബാങ്കുകളുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും വ്യക്തമാക്കുന്ന സാങ്കേതിക മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നും ഐടി സെക്രട്ടറി വ്യക്തമാക്കി. ഐടി സെക്യൂരിറ്റി പരിശോധിക്കുന്നതിന് ഓഡിറ്റ് നടത്തണമെന്ന് ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles