കാലോചിതമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ ജി.സി.ഡി.എയുടെ പ്രഖ്യാപിതലക്ഷ്യം നിറവേറ്റും: സി.എന്‍. മോഹനന്‍

കാലോചിതമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ ജി.സി.ഡി.എയുടെ  പ്രഖ്യാപിതലക്ഷ്യം നിറവേറ്റും: സി.എന്‍. മോഹനന്‍

 

കൊച്ചി: കാലോചിതമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) യുടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുമെന്ന് പുതിയ ചെയര്‍മാനായി ചുമതലയേറ്റ സി.എന്‍. മോഹനന്‍ വ്യക്തമാക്കി. കൊച്ചി നഗരവും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്ന മേഖലയുടെ സമഗ്ര വികസനമാണ് ജി.ഡി.ഡി.എ രൂപീകരിച്ചതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ നിന്നും വ്യതിചലിക്കാതെയുള്ള പദ്ധതികള്‍ പുതിയ കൗണ്‍സില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മെട്രോ റെയില്‍ പദ്ധതി നടപ്പാകുന്നതോടെ രാജ്യത്തെ സുപ്രധാന നഗരങ്ങളിലൊന്നായി കൊച്ചി മാറിയിരിക്കുകയാണ്. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജി.സി.ഡി.എ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കും. വികസനത്തിന്റെ ഫലമായി പ്രാന്തവല്‍ക്കരിക്കപ്പെടുന്ന സാധാരണക്കാര്‍ക്ക് നഗരപരിധിക്കുള്ളില്‍ തന്നെ താമസസൗകര്യങ്ങള്‍ ഒരുക്കാന്‍ ജി.സി.ഡി.എയ്ക്ക് കഴിയണമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

മുന്‍ ഭരണകാലത്ത് ജി.സി.ഡി.എ, അതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ട്. ഇത് തിരുത്തും. സര്‍ക്കാരിന്റെയോ ജി.സി.ഡി.എയുടെയോ ഒരു സെന്റ് ഭൂമിയോ ഒരു രൂപയോ കൈമോശം വരുന്ന സാഹചര്യം ഈ കൗണ്‍സിലിന്റെ ഭരണകാലത്തുണ്ടാകില്ല. നിലവില്‍ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വിവാദമായ പദ്ധതികള്‍ കൗണ്‍സില്‍ അവലോകനം ചെയ്യും. റിങ് റോഡ് അടക്കം നാടിന് ഗുണകരവും പ്രായോഗികവുമായ പദ്ധതികള്‍ പുനരവലോകനം ചെയ്ത് ചെയ്ത് നടപ്പാക്കുന്നതിന് മുന്‍കയ്യെടുക്കുമെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു.

രാവിലെ 11ന് കടവന്ത്രയിലെ ജി.സി.ഡി.എ ആസ്ഥാനത്ത് സ്ഥാനമേല്‍ക്കാനെത്തിയ പുതിയ ചെയര്‍മാനെ ജീവനക്കാരും പൗരപ്രമുഖരും ചേര്‍ന്ന് സ്വീകരിച്ചു. എം.എല്‍.എമാരായ കെ.ജെ. മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എം.പിയും സി.പി.എം ജില്ലാ സെക്രട്ടറിയുമായ പി. രാജീവ്, കെ.എം. സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. ഷൈല, കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഡോ. പൂര്‍ണിമ നാരായണ്‍, സി.കെ. മണിശങ്കര്‍, കെ.ജെ. ജേക്കബ്, പി.എന്‍ സീനുലാല്‍, കെ.എം. റിയാദ്, ജോര്‍ജ് എടപ്പരത്തി, കെ.എം.ഐ മേത്തര്‍, എ.എം. യൂസഫ്, എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥാനാരോഹരണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*