തൊഴിലവസരങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കണം

തൊഴിലവസരങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കണം

ന്യൂഡെല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കാര്‍ഷിക വികസനം, നൈപുണ്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന നടപടികള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയില്‍ നിതി ആയോഗിലെ വിദഗ്ധര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പുതിയ പദ്ധതികളും ബജറ്റ് നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി വിവിധ സമിതികള്‍ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

നോട്ട് അസാധുവാക്കല്‍ സമ്പദ് വ്യവസ്ഥയ്ക്ക് വരുത്തിവെച്ച ആഘാതം കുറച്ചുകൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചും വളര്‍ച്ച ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. വിവിധ നിര്‍ദേശങ്ങള്‍ ചര്‍ച്ചകള്‍ക്കു ശേഷം അന്തിമ പരിഗണയ്ക്കായി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും.
നീതി ആയോഗ് ചെയര്‍മാനായ പ്രധാനമന്ത്രിയാണ് യോഗം വിളിച്ചുചേര്‍ത്തത്. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച അവലോകനവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യുന്നതിനാണ് പ്രധാനമായും യോഗം ചേര്‍ന്നത്.

ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച കുറയുമെന്ന ആര്‍ബിഐയുടെയും മറ്റ് ഏജന്‍സികളുടെയും നിഗമനത്തിന്റെ പശ്ചാത്തലത്തില്‍ യോഗത്തിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തില്‍ 2016-17 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച മുന്‍ നിഗമനമായ 7.6 ശതമാനത്തില്‍നിന്ന് 7.1 ശതമാനമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കുറച്ചിരുന്നു. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് 7.4 ശതമാനത്തില്‍നിന്ന് 7 ശതമാനമായാണ് വളര്‍ച്ചാ നിഗമനം കുറച്ചത്. ഈ വര്‍ഷത്തെ ഒന്നാം പാദത്തില്‍ 7.1 ശതമാനവും രണ്ടാം പാദത്തില്‍ 7.3 ശതമാനവും സാമ്പത്തിക വളര്‍ച്ച നേടാന്‍ രാജ്യത്തിന് കഴിഞ്ഞിരുന്നു.

Comments

comments

Categories: Slider, Top Stories

Related Articles