ഡെഡ്‌ലൈന്‍ അവസാനിക്കാറായി…

ഡെഡ്‌ലൈന്‍ അവസാനിക്കാറായി…

രാജ്യം നോട്ട് രഹിത സമ്പദ് വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായുണ്ടായ ബുദ്ധിമുട്ടുകള്‍ സഹിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഞായറാഴ്ച്ചത്തെ മന്‍കീ ബാത് പരിപാടി. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ ക്ഷമയോടെ സ്വീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കാഷ്‌ലെസ് ഇടപാടുകളും ഡിജിറ്റല്‍ ബാങ്കിംഗും നോട്ട് രഹിത സമ്പദ് വ്യവസ്ഥയും എല്ലാമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗപരിപാടിയില്‍ നിറഞ്ഞുനിന്നത്.

എന്നാല്‍ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ പ്രധാനമന്ത്രി ചോദിച്ച ഡെഡ്‌ലൈന്‍ അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. ഈ വര്‍ഷം അവസാനത്തോടെ പണ പ്രതിസന്ധി അവസാനിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പറഞ്ഞത്. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയില്ലെന്നതാണ് വാസ്തവം.
ഡിസംബറിന് ശേഷവും നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്. എടിഎമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇനിയും തുടരാനാണ് സാധ്യത. വേണ്ടത്ര പുതിയ നോട്ടുകള്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്കിന് സാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ബാങ്കുകള്‍ തുടര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ വരുന്നത്.
തങ്ങളുടെ പ്രവര്‍ത്തനം സുഗമമാകണമെങ്കില്‍ പണം പിന്‍വലിക്കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ബാങ്കുകളുടെ പൊതു അഭിപ്രായം. നിലവിലെ അവസ്ഥയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുമ്പോള്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചാല്‍ സ്ഥിതിഗതികള്‍ ഏറെ ദുഷ്‌കരമാകുമെന്നാണ് ബാങ്കുകളുടെ പക്ഷം. അതിനര്‍ത്ഥം പൊതുജനം ഇനിയും നോട്ട് പിന്‍വലിക്കലിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ്.

Comments

comments

Categories: Editorial