ചൈനയുടെ വിമാനവാഹിനി ദക്ഷിണ ചൈനാകടലില്‍: സംഘര്‍ഷ സാധ്യത

ചൈനയുടെ വിമാനവാഹിനി ദക്ഷിണ ചൈനാകടലില്‍: സംഘര്‍ഷ സാധ്യത

 

തായ്‌പേയ്: ഉടമസ്ഥതാ തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടലില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചു തിങ്കളാഴ്ച ചൈനയുടെ വിമാനവാഹിനി കപ്പല്‍ പ്രവേശിച്ചതായി തായ്‌വാന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.
അഞ്ച് കപ്പലുകള്‍ ഉള്‍പ്പെടുന്ന വിമാനവാഹിനികളാണു ദക്ഷിണ ചൈനാ കടലില്‍ പ്രവേശിച്ചതെന്നു തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തായ്‌വാന്റെ നിയന്ത്രണത്തിലുള്ള പ്രതാസ് ദ്വീപുകളുടെ തെക്ക് കിഴക്ക് പ്രദേശത്തുകൂടെ വിമാനവാഹിനി കപ്പലുകള്‍ തെക്ക് പടിഞ്ഞാറന്‍ ദിശയിലേക്കു സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും തായ്‌വാന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.പതിവ് അഭ്യാസത്തിന്റെ ഭാഗമായിട്ടാണു പുതിയ നീക്കമെന്നു ചൈന പ്രതികരിച്ചു.
ഏതാനും ആഴ്ചകള്‍ക്കു മുന്‍പ്, തായ്‌വാന്‍ പ്രസിഡന്റ് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന്റെ പേരില്‍ ഉയര്‍ന്ന വിവാദം കെട്ടടങ്ങുന്നതിനു മുന്‍പാണു ചൈനയുടെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായിരിക്കുന്നത്. ഏക ചൈനാ നയം എന്ന ചൈനയുടെ പ്രഖ്യാപിത നയത്തിന് എതിരാണു തായ്‌വാന്‍ പ്രസിഡന്റുമായി ട്രംപ് നടത്തിയ ടെലിഫോണ്‍ സംഭാഷണം.ഇപ്പോള്‍ ദക്ഷിണ ചൈനാ കടലില്‍ സൈനികാഭ്യാസത്തിനെന്ന പേരില്‍ പ്രവേശിച്ചിരിക്കുന്ന ചൈനീസ് വിമാനവാഹിനി കപ്പല്‍ സോവിയറ്റ് നിര്‍മിതമാണ്. ഇതിനു മുന്‍പും ഈ കപ്പല്‍ സൈനികാഭ്യാസത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ വിമാനവാഹിനി കപ്പല്‍ ഉപയോഗിച്ച് യുഎസ് നടത്തുന്നതു പോലൊരു സൈനികാഭ്യാസം ചൈന നടത്തുന്ന പതിവ് ഇല്ലായിരുന്നു. സൈനികാഭ്യാസം നടത്തിയതിലൂടെ ചൈന യുഎസിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണെന്നു വിലയിരുത്തുന്നുണ്ട്.
രണ്ടാഴ്ച മുന്‍പായിരുന്നു യുഎസിന്റേതെന്നു ചൈന അവകാശപ്പെടുന്ന അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ ചൈനയുടെ നാവികസേന പിടികൂടിയത്. പുതിയ സംഭവവികാസങ്ങളെ അമേരിക്കയും ജപ്പാനും അതീവ ജാഗ്രതയോടെയാണു വീക്ഷിക്കുന്നത്.

Comments

comments

Categories: World