ശിവജി പ്രതിമ, ചേതന്‍ ഭഗത് പറഞ്ഞതിലാണ് കാര്യം

ശിവജി പ്രതിമ, ചേതന്‍ ഭഗത് പറഞ്ഞതിലാണ് കാര്യം

 

ഭാരതത്തിന്റെ ദേശീയ പുരുഷന്‍മാരില്‍ മുഖ്യസ്ഥാനം വഹിക്കുന്നു ഛത്രപതി ശിവജി. മറാത്ത മണ്ണിന് ശിവജിയോടുള്ള വികാരം വാക്കുകള്‍ക്ക് അതീതവുമാണ്. ഭാരതത്തില്‍ അതിക്രമിച്ചെത്തി ഭരണം കയ്യടക്കിയ അധിനിവേശക്കാര്‍ക്കെതിരെ ധീരമായി പോരാടിയ ശിവജി ദേശീയതയുടെയും ഭാരതീയതയുടെയും പ്രതീകങ്ങളിലൊന്നാണ് എന്നതിലും സംശയമില്ല. എന്നാല്‍ ഇന്നത്തെ നോട്ട് പ്രതിസന്ധിയുടെയും കര്‍ഷക ആത്മഹത്യയുടെയും കാലത്ത് 3,600 കോടി രൂപ മുതല്‍മുടക്കി ശിവജി പ്രതിമ നിര്‍മിക്കുന്നത് ശിവജിയെന്ന ജനകീയ ഭരണാധികാരിയോട് ചെയ്യുന്ന ഏറ്റവും വലിയ അനാദരവായിരിക്കും.
മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ ഈ സാഹചര്യത്തില്‍ ഇതിന് തുനിഞ്ഞിറങ്ങുന്നത് തീര്‍ത്തും അനുചിതമാണ്. വിഷയത്തോട് പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത് സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. മഹാരാഷ്ട്രയില്‍ ഇടയ്ക്കിടെ നടക്കുന്ന കര്‍ഷക ആത്മഹത്യകളെ ചൂണ്ടിക്കാണിച്ചായിരുന്നു ചേതന്റെ വിമര്‍ശനം. മറാത്ത മണ്ണിലെ കര്‍ഷകര്‍ക്ക് വെള്ളം നല്‍കുന്ന, മഹാരാഷ്ട്രയിലൂടെ പോകുന്ന ശിവജി കനാല്‍ നിര്‍മിക്കാന്‍ എന്തുകൊണ്ട് 3,600 കോടി രൂപ ഉപയോഗപ്പെടുത്തിക്കൂടാ എന്നായിരുന്നു ചേതന്‍ ഭഗത്തിന്റെ ട്വീറ്റ്. അപ്പോള്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് കുറയുമെന്നും ഭഗത് ട്വിറ്ററില്‍ കുറിച്ചു. മുംബൈ തീരത്തിന് സമീപമുള്ള ദ്വീപിലാണ് ശിവജിയുടെ സ്മരണയ്ക്കായി വലിയ പ്രതിമ ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഇതിന്റെ തറക്കല്ലിടല്‍ ചടങ്ങ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചത്. ജനങ്ങള്‍ വലയുമ്പോള്‍ ഇത്തരത്തിലെ ആര്‍ഭാടങ്ങള്‍ നടത്തുന്നതില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ പിന്തിരിയേണ്ടതാണ്.

Comments

comments

Categories: Editorial