ഹൃദയത്തകരാറുള്ള നൈജീരിയന്‍ബാലകന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ശസ്ത്രക്രിയ

ഹൃദയത്തകരാറുള്ള നൈജീരിയന്‍ബാലകന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ശസ്ത്രക്രിയ

 

കൊച്ചി: നൈജീരിയയില്‍നിന്നുള്ള ആണ്‍കുട്ടിയുടെ ജന്മനാലുള്ള ഹൃദയത്തകരാറിന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി ഹൃദയശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ഡിഎം ഫൗണ്ടേഷനാണ് ശസ്ത്രക്രിയയ്ക്കുള്ള ചെലവുകള്‍ വഹിച്ചത്. നൈജീരിയയിലെ ഉള്‍ഗ്രാമത്തിലുള്ള ഖാലിദ് ബെല്ലോ അമ്മയോടൊപ്പം ഭൂഖണ്ഡങ്ങള്‍ താണ്ടി പുതിയൊരു ജീവിതം പ്രതീക്ഷിച്ചാണ് കൊച്ചിയിലെത്തിയത്. ശസ്ത്രക്രിയ വിജയമായതോടെ കുഞ്ഞു കാലിദിന്റെ പുതുജീവനുള്ള സ്വപ്‌നം സത്യമായി.

ഒരു സാധാരണകുടുംബത്തിലാണ് ഖാലിദ് ബെല്ലോ ജനിച്ചത്. ജന്മനാ തന്നെ കുട്ടിക്ക് ഗുരുതരമായ ഹൃദയവൈകല്യമുള്ളതായി കണ്ടെത്തിയിരുന്നു. തന്റെ പ്രായത്തിലുള്ള കുട്ടികളേപ്പോലെ കളിക്കുവാനോ നടക്കുവാനോ സ്‌കൂളില്‍പോകുവാനോ കഴിഞ്ഞിരുന്നില്ല. രണ്ടു പ്രധാന രക്തക്കുഴലുകളും ഹൃദയത്തിന്റെ ഒരേ അറയില്‍നിന്നു വരുന്ന ഡബിള്‍ ഔട്ട് ലെറ്റ് റൈറ്റ് വെന്‍ട്രിക്കിള്‍ (ഡിഒആര്‍വി) അസുഖമാണെന്ന് ലാഗോസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. അനിമാസ് സാഹുന്‍ ആണ് കണ്ടെത്തിയത്.

ഖാലിദിന്റെ അച്ഛന്‍ ബെല്ലോ ബാര്‍ബര്‍ ആയിരുന്നതിനാല്‍ ചികിത്സിക്കാനുള്ള സാമ്പത്തിക അവസ്ഥയുണ്ടായിരുന്നില്ല. ഖാലിദിന്റെ ഗ്രാമത്തിലും രാജ്യത്തും ചികിത്സാസൗകര്യങ്ങള്‍ ലഭ്യവുമായിരുന്നില്ല. ഇതോടൊപ്പം ആഭ്യന്തരയുദ്ധവും ഭീകരാക്രമണവും നിറഞ്ഞുനിന്ന പ്രദേശമായിരുന്നു അവരുടേത്. പ്രതീക്ഷയോടെയല്ലെങ്കിലും അവര്‍ മനുഷ്യസ്‌നേഹികളായ സംഘടനകളെ സമീപിച്ചു. അങ്ങനെയിരിക്കെയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഖാലിദിന്റെ അച്ഛന്റെ ഇമെയില്‍ ലഭിച്ചത്. കുട്ടിയുടെ വിഷമസ്ഥിതി കണ്ട് കുഞ്ഞ് ഖാലിദിനെ സഹായിക്കാന്‍ ഡോ. മൂപ്പന്‍ മുന്നോട്ടുവരികയായിരുന്നു. അങ്ങനെയാണ് ഡിഎം ഫൗണ്ടേഷനിലൂടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സ ആരംഭിച്ചത്.

ഡബിള്‍ ഔട്ട് ലെറ്റ് റൈറ്റ് വെന്‍ട്രിക്കിള്‍ എന്ന ഹൃദയത്തകരാര്‍ ജന്മനാ ഉണ്ടാകുന്നതാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ കാര്‍ഡിയാക് സയന്‍സസ് പീഡിയാട്രിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സാജന്‍ കോശി പറഞ്ഞു. സാധാരണയായി ഹൃദയരക്തധമനി ഇടതുവെന്‍ട്രിക്കിളിലേക്കും (ഹൃദയത്തിന്റെ കീഴറ) ശ്വാസകോശധമനി ആര്‍ട്ടറി വലതു വെന്‍ട്രിക്കിളിലേക്ക് ചേരുന്നത്. എന്നാല്‍ അഞ്ചു വയസുകാരനായ ഖാലിദിന് രണ്ട് ധമനികളും വലതുവശത്തെ വെന്‍ട്രിക്കിളിനു പുറത്തേക്കാണ് പ്രവഹിക്കുന്നത്. ഇതിനുകാരണം വലതുവെന്‍ട്രിക്കിള്‍ ഓക്‌സിജനില്ലാത്ത രക്തമാണ് വഹിക്കുന്നത്. അത് ശരീരം മുഴുവന്‍ പ്രവഹിക്കുന്നു. ഇതുമൂലം ഖാലിദില്‍ ചുണ്ടും വിരലുകളും നീലനിറമാവുക, വളര്‍ച്ചക്കുറവ്, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ഡിഒആര്‍വി യുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. സമഗ്രമായ പരിശോധനകള്‍ക്കുശേഷം ശസ്ത്രക്രിയ മാത്രമാണ് മാര്‍ഗമെന്ന് വിലയിരുത്തിയെന്ന് ഡോ. സാജന്‍ കോശി പറഞ്ഞു.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും കുട്ടി രോഗമുക്തി നേടി വരികയാണെന്നും ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോ. സാജന്‍ കോശി പറഞ്ഞു. തകരാര്‍ പരിഹരിക്കാനുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണ് ചെയ്തത്. ഇന്‍ട്രാവെന്‍ട്രിക്കുലര്‍ തകരാറുകള്‍ പരിഹരിക്കുന്നതിനൊപ്പം രക്തക്കുഴലുകള്‍ ശരിയായി ഘടിപ്പിച്ചു.
രോഗികള്‍ക്ക് സഹായവാഗ്ദാനവുമായി ആസ്റ്റര്‍ ഭൂഖണ്ഡങ്ങളിലൂടെ കടല്‍ കടന്നും എത്തുകയാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി കേരളത്തിലെ ക്ലസ്റ്റര്‍ ഹെഡും സിഇഒയുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ആധുനിക ചികിത്സാസൗകര്യങ്ങള്‍ അതിര്‍ത്തിയ്ക്കതീതമായി എല്ലാവരിലും എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഖാലിദിന്റെ ശസ്ത്രക്രിയാവിജയം ഈ പരിശ്രമത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding