ബല്‍റാംപൂര്‍ ചിനിയുടെ വിപുലീകരണ പദ്ധതിക്ക് പാരിസ്ഥിതികാനുമതി

ബല്‍റാംപൂര്‍ ചിനിയുടെ വിപുലീകരണ  പദ്ധതിക്ക് പാരിസ്ഥിതികാനുമതി

ന്യൂഡെല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ പഞ്ചസാര കമ്പനിയായ ബല്‍റാംപൂര്‍ ചിനി മില്‍സിനു കീഴിലുള്ള ഉത്തര്‍പ്രദേശിലെ ബഹ്‌നന്‍ യൂണിറ്റിന്റെ വിപുലീകരണ പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചു. പദ്ധതിക്ക് 72 കോടിരൂപ ചെലവു വരുമെന്ന് അധികൃതര്‍ പറഞ്ഞു.

കമ്പനിയുടെ ശര്‍ക്കരപാനി അധിഷ്ഠിത ഡിസ്റ്റിലറി പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി പ്രതിദിനം 60 കിലോ ലിറ്ററില്‍ നിന്ന് 100 കിലോ ലിറ്ററായി വര്‍ധിപ്പിക്കുക, ഗോണ്ട ജില്ലയിലെ കോ- ജനറേഷന്‍ പവര്‍ ഒരു മെഗാവാട്ടില്‍ നിന്ന് 6.76 മെഗാവാട്ടാക്കുക തുടങ്ങിയ വിപുലീകരണ പദ്ധതികളാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ബഹ്‌നന്‍ യൂണിറ്റിന്റെ വിപുലീകരണത്തിന് അനുമതി ലഭിച്ചത്. ഇതിന് ഏകദേശം 72 കോടിരൂപയോളം ചെലവ് വരുമെന്ന് കമ്പനിയുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
എഥനോള്‍ ഉല്‍പ്പാദനത്തിന് ശര്‍ക്കരപാനിയാവും പ്രധാന അസംസ്‌കൃത വസ്തുവെന്ന് കമ്പനി സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രതിദിനം 450 ടണ്‍ ശര്‍ക്കരപാനി വേണ്ടിവരും. ബല്‍റാംപൂര്‍ ചിനിയുടെ മറ്റു യൂണിറ്റുകളില്‍ നിന്നും സമീപത്തെ പഞ്ചസാര ഫാക്റ്ററിയില്‍ നിന്നും അതു ശേഖരിക്കും.
ഇന്ത്യയിലെ എഥനോള്‍ ഇന്ധന ആവശ്യകത തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാലാണ് കമ്പനി ശര്‍ക്കരപാനി ഉരുക്കലിന്റെ ശേഷി ഉയര്‍ത്താന്‍ തയാറെടുക്കുന്നത്. ബല്‍റാംപൂര്‍ ചിനി മില്‍സിന് ഉത്തര്‍പ്രദേശില്‍ 79,000 ടണ്‍ പ്രതിദിന ശേഷിയുള്ള 11 പഞ്ചസാര ഫാക്റ്ററികളും മൂന്നു ശര്‍ക്കരപാനി ഉരുക്കല്‍ ശാലകളുമുണ്ട്.

Comments

comments

Categories: Branding