കൂടംകുളത്തേക്കുള്ള ഓട്ടോമേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റംസ് 2018ല്‍ എത്തും

കൂടംകുളത്തേക്കുള്ള ഓട്ടോമേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റംസ് 2018ല്‍ എത്തും

 

ചെന്നൈ: കൂടംകുളം ആണവ വൈദ്യുത നിലയത്തിലെ രണ്ട് യൂണിറ്റുകളിലേക്കുള്ള ഓട്ടോമേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റംസ് 2018ല്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലെത്തുമെന്ന് റഷ്യന്‍ സ്റ്റേറ്റ് ന്യൂക്ലിയര്‍ കോര്‍പ്പറേഷന്‍ (റോസടോം)അറിയിച്ചു. ആണവ വൈദ്യുത നിലയത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രധാന ഘടകങ്ങളാണ് ഓട്ടോമേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റംസ്. സുരക്ഷയ്ക്കും സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തിലെ അറ്റകുറ്റപ്പണികള്‍ക്കും ആവശ്യമായിട്ടുള്ള പ്രത്യേക ടൂളുകളുടെ ശ്രേണിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

1,000 മെഗാ വാട്ടിന്റെ മൂന്നും നാലും യൂണിറ്റുകള്‍ക്കു വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങള്‍ റോസടോം തന്നെയായിരിക്കും നിര്‍മിച്ച് നല്‍കുക. ഓട്ടോമേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റംസ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആറ്റംസ്‌ട്രോയെക്‌സ്‌പോര്‍ട്ടുമായി കരാര്‍ ഒപ്പുവച്ചതായും റോസടോമിന്റെ പ്രസ്താവനയില്‍ പറയുന്നു. കൂടംകുളത്തെ 3, 4 യൂണിറ്റുകള്‍ക്കു വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ വിതരണം 2018, 2019 വര്‍ഷങ്ങളില്‍ ആരംഭിക്കുമെന്നും തുടര്‍ന്ന് അവ ബന്ധിപ്പിക്കുകയും പ്രര്‍ത്തനസജ്ജമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം തുടങ്ങുമെന്നുമാണ് റഷ്യന്‍ കമ്പനി അറിയിക്കുന്നത്.

ആണവനിലയത്തിലേക്കുള്ള എല്ലാ സേഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ ടൂളുകളും റഷ്യന്‍ ഫാക്ടറികളിലായിരിക്കും നിര്‍മിക്കുക. ആണവനിലയത്തിന്റെ ഓപ്പറേറ്റര്‍മാരായ ന്യൂക്ലിയര്‍ പവര്‍ കേര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഇതിനോടകം രണ്ട് യൂണിറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂന്നും നാലും യൂണിറ്റുകളുടെ നിര്‍മാണം ആരംഭിച്ചതായാണ് വിവരം. മൂന്നും നാലും യൂണിറ്റുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് റോസടോമുമായി 2014ലാണ് ജനറല്‍ എഗ്രിമെന്റ് ഒപ്പുവെക്കുന്നത്. നിലവില്‍ ആറ് യൂണിറ്റുകളുടെ നിര്‍മാണമാണ് റഷ്യന്‍ സാങ്കേതിക സഹായത്തോടെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories