ആര്‍മിക്ക് സഫാരി എസ് യുവി: കരാര്‍ ക്രിസ്മസ് അവധിക്ക് ശേഷം

ആര്‍മിക്ക് സഫാരി എസ് യുവി: കരാര്‍ ക്രിസ്മസ് അവധിക്ക് ശേഷം

 
ന്യൂഡെല്‍ഹി: സേനാ ആവശ്യത്തിന് ഉപയോഗിക്കുന്ന കാറുകള്‍ക്കുള്ള കരാര്‍ ക്രിസ്മസ് അവധിക്ക് ശേഷം ഒപ്പുവെക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്. പതിറ്റാണ്ടുകളായി ഇന്ത്യന്‍ ആര്‍മിയില്‍ സേവനം നടത്തിയിരുന്ന മാരുതി ജിപ്‌സിക്ക് പകരമായാണ് 3,192 സഫാരി സ്റ്റോം എസ്‌യുവി നല്‍കാന്‍ ടാറ്റ മോട്ടോഴ്‌സ് കരാറിലെത്തുന്നത്.
കരാറിന്റെ ആദ്യ കരട് ടാറ്റ മോട്ടോഴ്‌സും ഇന്ത്യന്‍ ആര്‍മിയും കൈമാറിയിട്ടുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ടാറ്റ മോട്ടോഴ്‌സ് ഡിഫന്‍സ് ബിസിനസ് വൈസ് പ്രസിഡന്റ് വെര്‍നന്‍ നൊറോഞ്ഞ കഴിഞ്ഞ ദിവസം അറിയിച്ചു.
പരുക്കന്‍ പ്രതലത്തില്‍ ഓടുന്ന ഡീസല്‍ വാഹനങ്ങളാണ് ഇന്ത്യന്‍ ആര്‍മി നോക്കുന്നത്. ഇതില്‍ ക്ലൈമറ്റ കണ്‍ട്രോളും നിര്‍ബന്ധമാണ്.
ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമാണ് അവസാനഘട്ട ടെണ്ടര്‍ നടപടികളിലുണ്ടായിരുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ അപേക്ഷിച്ച് ടാറ്റ മോട്ടോഴ്‌സ് ആര്‍മിക്ക് മികച്ച കരാറാണ് നല്‍കിയത്. കരാര്‍ കമ്മിറ്റി യോഗത്തില്‍ കരാര്‍ സമര്‍പ്പിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
3,192 വാഹനങ്ങളാണ് ആര്‍മിക്ക് ആദ്യം വേണ്ടതെങ്കിലും എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. 35,000 ജിപ്‌സികള്‍ക്കാണ് ഇന്ത്യന്‍ ആര്‍മി പകരക്കാരെ തേടുന്നത്. കമ്പനി ഈ കരാറാറില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നതും ഇതുകൊണ്ട് തന്നെയാണെന്ന് നൊറേഞ്ഞ.
ആര്‍മിക്ക് ഏത് വേരിയന്റാണ് താല്‍പ്പര്യമെങ്കില്‍ അത് നിര്‍മിച്ച് നല്‍കുന്നതിന് കമ്പനിക്ക് സന്തോഷമാണുള്ളതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ആര്‍മിക്ക് വേണ്ടി ഫ്യൂച്ചര്‍ ഇന്‍ഫന്ററി കോംപാക്ട് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള 70,000 കോടി രൂപയുടെ കരാറും ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നുണ്ട്. പ്രോ ടൈപ്പ് നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇതില്‍ നിന്നും തെരഞ്ഞെടുത്ത മോഡലിനാകും മാസ് പ്രൊഡക്ഷന് അനുമതി നല്‍കുക. ഇവയുടെ നിര്‍മാണത്തിന്റെ 80 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.

Comments

comments

Categories: Auto