ആമസോണ്‍ ഇന്ത്യക്ക് 2,275 കോടി രൂപ വരുമാനം

ആമസോണ്‍ ഇന്ത്യക്ക് 2,275 കോടി രൂപ വരുമാനം

 

ബെംഗളൂരു: പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍ ഇന്ത്യയുടെ വരുമാനം ഇരട്ടിയിലധികം വര്‍ധിച്ചതായി കണക്കുകള്‍. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,275 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. മുന്‍ വര്‍ഷമിത് 1,022 കോടിയായിരുന്നു. ഡിസ്‌കൗണ്ടുകളും ടെക്‌നോളജി, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയില്‍ കമ്പനിയുടെ നിക്ഷേപവും വരുമാനം കൂടാന്‍ സഹായിച്ചു. അതേ സമയം ഇക്കാലയളവിലെ ആമസോണ്‍ ഇന്ത്യയുടെ നഷ്ടവും വര്‍ധിച്ചു. 3,572 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. മുന്‍ വര്‍ഷമിത് 1,724 കോടിയായിരുന്നുവെന്ന് ചാറ്റ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലെറിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കമ്പനിയുടെ അംഗീകരിക്കപ്പെട്ട ഷെയര്‍ കാപിറ്റല്‍ 16,000 കോടിയാണെന്നും പെയ്ഡ്-അപ്പ് ഷെയര്‍ കാപിറ്റല്‍ 9,629 കോടിയായിരുന്നുവെന്നും കമ്പനി വെളിപ്പെടുത്തി. സീട്ടില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ ഡോട്ട് കോം ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ വിപണി വിഹിതത്തിനായുള്ള മത്സരത്തിന്റെ ഭാഗമായി ഇന്ത്യന്‍ യൂണിറ്റുകളിലെ അംഗീകൃത ഷെയര്‍ കാപിറ്റല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യം ഇന്ത്യയില്‍ 3,500 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ആമാസോണ്‍ പ്രഖ്യാപിച്ചിരുന്നു.

മൂന്നു രീതിയിലാണ് ആമസോണ്‍ ഇന്ത്യ വിപണനം നടത്തുന്നത്. മൂന്നാം കക്ഷിക്കാരായ വില്‍പ്പനക്കാരില്‍ നിന്നുള്ള കമ്മീഷന്‍ ശേഖരണം, ആമസോണിന്റെ നിയന്ത്രണത്തിനു കീഴിലുള്ള സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന വിപണന സേവനം, കിന്‍ഡില്‍ ഇ-ബുക്ക് റീഡേഴ്‌സിന്റെയും അക്‌സസറീസിന്റെയും മൊത്തവില്‍പ്പന എന്നിവയാണവ. ആമസോണിന്റെയും ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ കാറ്റമാരന്‍ വെഞ്ച്വേഴ്‌സിന്റെയും സംയുക്ത സംരംഭമായ ക്ലൗഡ്‌ടെയ്ല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ മാസമ്പത്തിക വര്‍ഷം നാലുമടങ്ങ് വരുമാനവളര്‍ച്ചയാണ് കൈവരിച്ചത്. 4,591 കോടിയായിരുന്നു ഇക്കാലയളവിലെ സ്ഥാപനത്തിന്റെ വരുമാനം. ഇന്ത്യയിലെ ആമസോണിന്റെ ഏറ്റവും വലിയ വില്‍പ്പനക്കാരാണ് ക്ലൗഡ്‌ടെയ്ല്‍.

രാജ്യത്ത് ആകെ നടക്കുന്ന വില്‍പ്പനയുടെ 25 ശതമാനവും ഇവരുടെ സംഭാവനയാണ്. വിപണിയിലെ പ്രധാന എതിരാളികളായ സ്‌നാപ്ഡീല്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവരില്‍ നിന്ന് കടുത്ത മത്സരമാണ് ആമസോണ്‍ ഇന്ത്യ നേരിടുന്നത്.

Comments

comments

Categories: Branding