950 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് ഇന്റര്‍നെറ്റ് അപ്രാപ്യമെന്ന് പഠനം

950 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് ഇന്റര്‍നെറ്റ് അപ്രാപ്യമെന്ന് പഠനം

 

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഏകദേശം 950 മില്യണ്‍ പേര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റ് അപ്രാപ്യമെന്ന് അസ്സോചം-ഡിലോയിറ്റ് പഠനം. ലോകത്ത് ഏറ്റവും വില കുറഞ്ഞ മൊബീല്‍ ഡാറ്റ പ്ലാനുകള്‍ ഇന്ത്യയിലാണെന്ന സ്ഥിതിവിശേഷം കൂടി ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. മാത്രമല്ല, സ്മാര്‍ട്ട്‌ഫോണുകളുടെ ശരാശരി റീട്ടെയ്ല്‍ വില ഇന്ത്യയില്‍ ക്രമാനുഗതമായി കുറയുന്നുണ്ടെങ്കിലും അതൊന്നും ഡിജിറ്റല്‍ സാക്ഷരതയെ വലിയ അളവില്‍ മുന്നോട്ടുനയിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിന് ഇന്റര്‍നെറ്റ് വ്യാപനം വര്‍ധിക്കണമെന്നും താങ്ങാവുന്ന നിരക്കില്‍ ബ്രോഡ്ബാന്‍ഡ് ലഭ്യമാകണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വിദൂര പ്രദേശങ്ങളില്‍ ഡിജിറ്റല്‍ സേവനം ലഭ്യമാക്കുന്നതിന് നിലവിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കണം. ഡിജിറ്റല്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂള്‍, കോളെജ്, സര്‍വകലാശാല തലങ്ങളില്‍ പരിശീലനം നല്‍കണമെന്നും ടെക്‌നോളജി കമ്പനികളുമായി പങ്കാളിത്തിലേര്‍പ്പെടണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും പരിശീലനം നല്‍കുന്നതിനും ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ പദ്ധതികളെ യോജിപ്പിച്ചുകൊണ്ടുള്ള സമീപനം സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യ കൂടുതലായി സ്വീകരിക്കുന്നതിനും പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കണം.

Comments

comments

Categories: Slider, Top Stories