ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഉടച്ചുവാര്‍ക്കാന്‍ വാള്‍ട്ട് ഡിസ്‌നി

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഉടച്ചുവാര്‍ക്കാന്‍ വാള്‍ട്ട് ഡിസ്‌നി

 
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ദി വാള്‍ട്ട് ഡിസ്‌നി ഇന്ത്യയിലെ പ്രവര്‍ത്തങ്ങള്‍ പുന:ക്രമീകരിക്കാന്‍ തയാറെടുക്കുന്നു. പുതിയ മാനേജിംഗ് ഡയറക്റ്ററായ മഹേഷ് സമതിന്റെ കീഴിലാണ് കമ്പനി തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ തയാറെടുക്കുന്നത്. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷം ഒക്‌റ്റോബര്‍ 25 നാണ് സമത് വീണ്ടും വാള്‍ട്ട് ഡിസ്‌നിയുടെ ഭാഗമായത്.

സമതിന്റെ കീഴില്‍ കമ്പനി പുതിയ ഘടനയ്ക്കായി പ്രവര്‍ത്തിക്കും. ഹോളിവുഡ് സിനിമകളിലും ഉപഭോക്തൃ ഉല്‍പ്പന്ന ബിസിനസിലുമാണ് ഡിസ്‌നി ഇന്ത്യ ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. വലിയ നഷ്ടമുണ്ടായതിനാല്‍ കമ്പനി ഹിന്ദി സിനിമ നിര്‍മാണ ബിസിനസ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. ഇന്ത്യന്‍ നേതൃത്വസംഘത്തിലെ മുന്‍നിരയിലുള്ള രണ്ടു ഓഫീസര്‍മാരായ നിഖില്‍ ഗാന്ധിയും (മീഡിയ ശൃംഖല വരുമാന തലവന്‍) സമീര്‍ ഗണപതിയും( ഇന്ററാക്ടീവ് ഹെഡ്) കമ്പനിയില്‍ നിന്നും ഇതിനകം തന്നെ രാജിവച്ചിട്ടുണ്ട്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ കമ്പനിയുടെ ഇന്ത്യയിലെ തൊഴില്‍ ശക്തി 350 പേരിലേക്ക് ചുരുക്കണമെന്ന് അടുത്തവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

നിലിവില്‍ കമ്പനിക്ക് ഇന്ത്യയില്‍ 680 ജീവനക്കാരുണ്ട്. ഡിസ്‌നി ഇന്ത്യ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുവാന്‍ പോകുന്നുവെന്ന് നിരവിധി തവണ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ആഗോളതലത്തില്‍ ഡിസ്‌നി തങ്ങളുടെ ഇന്ററാക്ടീവ് ബിസനസുകള്‍ ഉപഭോക്തൃ ഉല്‍പ്പന്ന ബിസിനസുമായി ലയിപ്പിച്ചു. ഇപ്പോള്‍ അത് ഒരു വ്യക്തിയുടെ നേതൃത്വത്തിലാണ്. ഇന്ത്യയില്‍ അഭിഷേക് മഹേശ്വരിയാണ് ഉപഭോക്തൃ ഉല്‍പ്പന്ന ബിസിനസിന്റെ തലവന്‍. അതുപോലെ ഇന്ററാക്ടീവ് ബിസിനസിന്റെ ചുമതല ഗണപതിയ്ക്കായിരുന്നു. ആഗോളതലത്തിലുള്ള മാറ്റത്തിനു അനുസൃതമായി ഇന്ത്യയിലെ ഉപഭോക്തൃ ഉല്‍പ്പന്നവും ഇന്ററാക്ടീവ് ബിസിനസും ലയിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് ഡിസ്‌നി. ഒരു ബിസിനസിന് രണ്ടു തലവന്‍മാരെ ആവശ്യമില്ല, അതിനാലാണ് ഗണപതി പുറത്തുപോകാന്‍ തീരുമാനിച്ചതെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.

കമ്പനിയുടെ മീഡിയ നെറ്റ്‌വര്‍ക്ക് ബിസിനസിനും രണ്ടു വൈസ് പ്രസിഡന്റുമാരുണ്ടായിരുന്നു. വരുമാന വിഭാഗത്തില്‍ ഗാന്ധിയും കണ്ടന്റ് വിഭാഗത്തില്‍ വിജയ് സുബ്രമണ്യനും. ഈ ബിസിനസിലും തലവനായി കമ്പനിക്ക് ഒരാള്‍ മതിയായതിനാലാണ് ഗാന്ധി പുറത്തുപോയതെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

Categories: Branding