ഹെലികോപ്റ്റര്‍ അഴിമതി: എസ്പി ത്യാഗിക്ക് ജാമ്യം 

ഹെലികോപ്റ്റര്‍ അഴിമതി: എസ്പി ത്യാഗിക്ക് ജാമ്യം 

 
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി ഇടപാടില്‍ അറസ്റ്റിലായ ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍ തലവന്‍ എസ്.പി. ത്യാഗിക്ക് സിബിഐ പ്രത്യേക കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണു ജാമ്യം. അനുവാദമില്ലാതെ ഡല്‍ഹി വിട്ടു പോകരുതെന്നും സാക്ഷികളെ സ്വാധീനിച്ച് അന്വേഷണത്തെ തടസപ്പെടുത്തുന്ന യാതൊരു പ്രവര്‍ത്തികളിലും ഏര്‍പ്പെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. രണ്ട് ലക്ഷം രൂപയുടെ ബോണ്ട് ജാമ്യമായി സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
18 ദിവസം കസ്റ്റഡിയിലായിരുന്നു ത്യാഗി. ഇദ്ദേഹത്തെ ഇനിയും അഴിക്കുള്ളിലിടുന്നതിലൂടെ പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലെന്നും ആയതിനാല്‍ അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്തു ജാമ്യം നല്‍കാന്‍ തീരുമാനിച്ചതായി കോടതി അറിയിച്ചു.
സിബിഐ എപ്പോഴൊക്കെ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം ത്യാഗി ഹാജരാവുകയും അന്വേഷണത്തോട് സഹകരിക്കുകയും ചെയ്തിട്ടുണ്ട്. സിബിഐ കസ്റ്റഡിയില്‍ നിരവധി തവണ ചോദ്യം ചെയ്യലിനും അദ്ദേഹം വിധേയനായിട്ടുണ്ടെന്നു കോടതി പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കുമെന്നും, സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ കുറൂമാറാന്‍ പ്രേരിപ്പിച്ചേക്കുമെന്ന സിബിഐയുടെ ആശങ്ക അടിസ്ഥാനമില്ലാത്തതാണെന്നു കോടതി നിരീക്ഷിച്ചു.
ത്യാഗിക്കു വേണ്ടി അഡ്വക്കേറ്റ് മനേക ഗുരുസ്വാമി ഹാജരായി. നാല് വര്‍ഷം മുന്‍പ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ത്യാഗിക്ക് എതിരേ സിബിഐക്ക് ഇതുവരെ തെളിവ് സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നു മനേക പറഞ്ഞു.

Comments

comments

Categories: Slider, Top Stories