ഓണ്‍ലൈന്‍ ടാക്‌സി: മേരു, ഈസി കാബുകളെ പിന്നിലാക്കി യൂബര്‍ മുന്നോട്ട്

ഓണ്‍ലൈന്‍ ടാക്‌സി:  മേരു, ഈസി കാബുകളെ പിന്നിലാക്കി യൂബര്‍ മുന്നോട്ട്

 

ന്യൂഡെല്‍ഹി / മുംബൈ : ഇന്ത്യന്‍ കമ്പനികളായ മേരു കാബ്‌സ്, കാര്‍സ്ഓണ്‍റെന്റിന്റെ ഈസി കാബ്‌സ് എന്നിവയെ പിന്നിലാക്കി സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ യൂബര്‍ രാജ്യത്ത് മുന്നോട്ട് കുതിക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് മാത്രമാണ് യൂബര്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്.
2015-16 വര്‍ഷത്തില്‍ യൂബറിന്റെ ഇന്ത്യയിലെ വരുമാനം അഞ്ച് മടങ്ങ് വര്‍ധിച്ച് 374 കോടി രൂപയായതായി കമ്പനി രജിസ്ട്രാര്‍ മുമ്പാകെ സമര്‍പ്പിച്ച ഫയലിംഗില്‍ വ്യക്തമാക്കുന്നു. മേരു കാബ്‌സിന് 323 കോടി രൂപ വരുമാനം നേടാനാണ് കഴിഞ്ഞത്. ഈസി കാബ്‌സിന്റെ വരുമാനമാകട്ടെ 216 കോടി രൂപയും. എന്നാല്‍ യൂബറിന്റെ പ്രധാന ഇന്ത്യന്‍ എതിരാളിയായ ഒല തങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
ഒരു വര്‍ഷം മുമ്പ് മേരു കാബ്‌സ്, ഈസി കാബ്‌സ് എന്നിവ ഇന്ത്യയിലെ യൂബറിനേക്കാള്‍ നാല് മടങ്ങ് വലുതായിരുന്നു. അതായത് 2014-15 സാമ്പത്തിക വര്‍ഷത്തില്‍ മേരുവിന്റെ വരുമാനം 289 കോടി രൂപയും ഈസി കാബ്‌സിന്റേത് 263 കോടി രൂപയുമായിരുന്നപ്പോള്‍ യൂബറിന് ഇന്ത്യന്‍ വിപണിയില്‍നിന്ന് നേടാനായത് 69 കോടി രൂപ മാത്രമാണ്. യൂബര്‍ ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസസ് വിഭാഗമായ യൂബര്‍ ഇന്ത്യ സിസ്റ്റംസിന്റെ വരുമാനം ഈ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 442 ശതമാനം വര്‍ധിച്ചിരുന്നു.
ഇന്ത്യയില്‍ വന്‍തോതിലുള്ള നിക്ഷേപം തുടരുന്നതാണ് ലോകത്തെ ഏറ്റവും വിലയേറിയ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ വളര്‍ച്ചയെ ഈ വിധം സഹായിക്കുന്നത്. ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ‘റിട്ടേണ്‍’ അഞ്ച് മടങ്ങായി വര്‍ധിച്ചാല്‍ നേരത്തെ പ്രഖ്യാപിച്ച ഒരു ബില്യണ്‍, രണ്ട് ബില്യണ്‍ ഡോളറായി മാറുമെന്ന് ജനുവരിയില്‍ യൂബര്‍ സഹസ്ഥാപകന്‍ ട്രാവിസ് കലാനിക്ക് പറയുകയും ചെയ്തു. യൂബറിന്റെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷമാദ്യം ബെയ്ജിംഗ് ആസ്ഥാനമായ ദീദി ചക്‌സിംഗിന് വിറ്റഴിച്ചശേഷം കമ്പനി ഇന്ത്യന്‍ വിപണിയെയാണ് ഉറ്റുനോക്കുന്നത്. യുഎസ് കഴിഞ്ഞാല്‍ യൂബറിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ.
ജാപ്പനീസ് ഗ്രൂപ്പായ സുമിതോമോ കോര്‍പ്പറേഷന് 2014 സെപ്റ്റംബറില്‍ തങ്ങളുടെ ഓപ്പറേറ്റിംഗ് ലീസ് ബിസിനസ് കൈമാറിയതാണ് വരുമാനം കുറയുന്നതിന് കാരണമായതെന്ന് കാര്‍സ്ഓണ്‍റെന്റ് സിഇഒ രാജീവ് കെ വിജ് പറഞ്ഞു. 200 കോടി രൂപയ്ക്കാണ് കൈമാറ്റം നടന്നതെന്നും ഓപ്പറേറ്റിംഗ് ലീസില്‍നിന്നുള്ള വരുമാനം പിന്നീട് കമ്പനിക്ക് ലഭിക്കാതായെന്നും വിജ് വിശദീകരിച്ചു.
കാര്‍സ്ഓണ്‍റെന്റിന്റെ കാര്‍ റെന്റല്‍ ബിസിനസ് ശരാശരി 21-22 ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും വിജ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മേരു കാബ്‌സിന്റെ വരുമാനം 14 ശതമാനം വര്‍ധിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് നിലേഷ് സാങ്കോയ് പ്രതികരിച്ചു.

Comments

comments

Categories: Branding