റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ അധികൃതര്‍ പരിഗണിച്ചത് വേലക്കാരനെപ്പോലെ: ഗോള്‍ഫ് താരം

റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ അധികൃതര്‍ പരിഗണിച്ചത് വേലക്കാരനെപ്പോലെ: ഗോള്‍ഫ് താരം

 

ന്യൂഡെല്‍ഹി: ദേശീയ കായിക മന്ത്രാലയത്തിനും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനുമെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യയുടെ മുന്‍ നിര ഗോള്‍ഫ് താരം എസ്എസ്പി ചൗരസ്യ രംഗത്ത്. കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ വേലക്കാരെപ്പോലെയാണ് താനുള്‍പ്പെടെയുള്ള കായിക താരങ്ങളോട് അധികൃതര്‍ പെരുമാറിയതെന്നാണ് ചൗരസ്യ പറഞ്ഞത്.

ഒളിംപിക്‌സ് തയാറെടുപ്പുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ കായിക മന്ത്രാലയം 30 ലക്ഷം രൂപ തങ്ങള്‍ക്ക് നല്‍കാമെന്ന് അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇതുവരെയായിട്ടും തുക ലഭിച്ചില്ലെന്നും ചൗരസ്യ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ ഇതുവരെ 16 കിരീടങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച അനിര്‍ബന്‍ ലാഹിരിക്കും ഇതുവരെ ഒരു രൂപപോലും കായിക മന്ത്രാലയം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

റിയോ ഒളിംപിക്‌സിന് മുമ്പ് 30 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നതെന്നും എന്നാല്‍ മത്സരങ്ങള്‍ക്ക് ശേഷം ഇത് 15 ലക്ഷമായി കുറച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. റിയോ ഒളിംപിക്‌സ് മത്സര വേദികളിലേക്ക് പോകുവാന്‍ പോലും വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നും മഴയും തണുപ്പുമുള്ള കാലാവസ്ഥയായിരുന്നിട്ടും കുടയോ റെയിന്‍കോട്ടോ അധികൃതര്‍ നല്‍കിയില്ലെന്നും ചൗരസ്യ കൂട്ടിച്ചേര്‍ത്തു.

ദേശീയ കായിക മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെയും ഭാഗത്തുനിന്നുള്ള പ്രതികരണം ഇങ്ങനെയാണെങ്കില്‍ ഇനിയൊരു ഒളിംപിക്‌സില്‍ പങ്കെടുക്കണമോയെന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കടുപ്പമേറിയ പല ടൂര്‍ണമെന്റുകള്‍ക്കും തയാറെടുക്കേണ്ടതുണ്ടെന്നും ചൗരസ്യ പറഞ്ഞു.

Comments

comments

Categories: Sports