പണം പടിവാതില്‍ക്കല്‍ എത്തിച്ച് സ്‌നാപ്ഡീല്‍

പണം പടിവാതില്‍ക്കല്‍ എത്തിച്ച് സ്‌നാപ്ഡീല്‍

ന്യൂഡെല്‍ഹി: നിത്യജീവിതത്തില്‍ ആവശ്യമായ എന്ത് ഉല്‍പ്പന്നവും ഇന്ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ പടിവാതില്‍ക്കല്‍ ലഭ്യമാകും. ഗവണ്‍മെന്റിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കു ശേഷം ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആവശ്യം പണം തന്നെയായി മാറി. എടിഎമ്മിലും ബാങ്കിലും പോയി ചെറിയ തുകയ്ക്കുവേണ്ടി വലിയ ക്യൂവില്‍ കാത്തു നില്‍ക്കാതെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ പണവും പടിവാതില്‍ക്കല്‍ എത്തുമെങ്കില്‍ അത് നല്ലതല്ലേ? ഏത് ഉല്‍പ്പന്നവും പോലെ പണവും ഇനി സ്‌നാപ്ഡീലിലൂടെ നിങ്ങളുടെ പടിവാതില്‍ക്കല്‍ എത്തും.

ഉപഭോക്താക്കള്‍ക്ക് പണം ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുവാനുള്ള കാഷ്അറ്റ്‌ഹോം സംവിധാനം സ്‌നാപ്ഡീല്‍ ഒരുക്കി കഴിഞ്ഞു. കാഷ് ഓണ്‍ ഡെലിവറിയിലൂടെ കിട്ടുന്ന തുകയായിരിക്കും കമ്പനി കാഷ്അറ്റ് ഹോം സര്‍വീസിനായി ഉപയോഗിക്കുക.

ഏത് ബാങ്കിന്റെ എടിഎം കാര്‍ഡും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 2000 രൂപ വരെയുള്ള തുക ഓര്‍ഡര്‍ ചെയ്യാം. ഒരു രൂപ സര്‍വീസ് ചാര്‍ജായി കമ്പനി ഈടാക്കും. ഫ്രീചാര്‍ജ് വഴിയോ ഓര്‍ഡര്‍ ബുക്ക് ചെയ്യുമ്പോള്‍ ഡെബിറ്റ് കാര്‍ഡ് വഴിയോ ഈ തുക അടയ്ക്കാം.

പുതിയ ഈ സൗകര്യത്തിനായി ഉപഭോക്താവ് സ്‌നാപ്ഡീലില്‍ നിന്ന് മറ്റൊരു ഉല്‍പന്നവും ഓര്‍ഡര്‍ ചെയ്യണ്ട ആവശ്യമില്ലെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഡിജിറ്റള്‍ സമ്പദ്‌വ്യവസ്ഥ എന്ന രാജ്യത്തിന്റെ സ്വപ്‌നസാക്ഷാല്‍ക്കാരത്തിന് സമയബന്ധിതമായി പലസേവനങ്ങളും സ്‌നാപ്ഡീല്‍ ലഭ്യമാക്കിയിട്ടുണ്ട്. വാലറ്റിലും കാര്‍ഡ് ഓണ്‍ ഡെലിവറിയിലും ഫ്രീചാര്‍ജുമായുള്ള കമ്പനിയുടെ സഹകരണം ട്രാന്‍സാക്ഷനുകള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്-സ്‌നാപ്ഡീല്‍ സഹസ്ഥാപകനായ രോഹിത് ബന്‍സല്‍ പറഞ്ഞു. ഗുഡ്ഗാവിലും ബെംഗളൂരുവിലും ഇപ്പോള്‍ ലഭ്യമായ സേവനം രാജ്യത്തെ മറ്റ് സിറ്റികളിലേക്കും വ്യാപിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള മാര്‍ക്കറ്റ് പ്ലേസ് ആണ് സ്‌നാപ്ഡീലിന്റെ ലക്ഷ്യം. നിത്യജീവിതത്തില്‍ പണം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഉപഭോക്താക്കളെ സഹായിക്കുവാന്‍ കാഷ് ഓണ്‍ ഡിമാന്റ് സേവനം സഹായകമാകുമെന്നും രോഹിത് ബന്‍സല്‍ കൂട്ടിചേര്‍ത്തു.

Comments

comments

Categories: Branding