ഫ്രീചാര്‍ജ് ഓഹരികള്‍ സ്വന്തമാക്കി പേപല്‍

ഫ്രീചാര്‍ജ് ഓഹരികള്‍ സ്വന്തമാക്കി പേപല്‍

 

മുംബൈ: അമേരിക്കന്‍ ഓണ്‍ലൈന്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേപല്‍ ഹോള്‍ഡിംഗ്‌സ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ സ്‌നാപ്ഡീലിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോം ഫ്രീചാര്‍ജിന്റെ 25 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 200 ദശലക്ഷം ഡോളറിന്റെ ഇടപാട് അതിന്റെ അവസാനഘട്ടത്തിലാണെന്നാണ് സൂചന. നോട്ട് സാധുവാക്കലിനുശേഷമുള്ള രാജ്യത്തെ ഓണ്‍ലൈന്‍ പേമെന്റ് മേഖലയിലെ മത്സരത്തിന് ഇടപാട് ആക്കം കൂട്ടുമെന്നാണ് കണക്കുകൂട്ടല്‍.

ജാസ്‌പെര്‍ ഇന്‍ഫൊടെക് സ്ഥാപകന്‍ കുനാല്‍ ബാലും സ്‌നാപ്ഡീല്‍ എം&എ (മെര്‍ജര്‍ ആന്‍ഡ് അക്വിസിഷന്‍-ലയനവും ഏറ്റെടുക്കലും) തലവന്‍ അഭിഷേക് കുമാറുമാണ് ഇടപാടിന് നേതൃത്വം നല്‍കുന്നത്. പേപല്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന നാസ്ഡാക് ബോര്‍ഡിന്റെ അംഗീകാരവും ഇടപാടിന് ലഭിക്കേണ്ടതുണ്ട്. ഗോള്‍ഡ്മാന്‍ സാച്ച്‌സാണ് ഇടപാടില്‍ പേപലിന്റെ ഉപദേഷ്ടാവ്, ഡോയ്‌ചെ ബാങ്കാണ് ഇക്കാര്യത്തില്‍ ജാസ്‌പെറിനെ സഹായിക്കുന്നത്. ഫ്രീചാര്‍ജിന്റെ മാതൃസ്ഥാപനമായ ജാസ്‌പെര്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് ബോര്‍ഡുമായി ജനുവരി ആദ്യ ആഴ്ച്ച പേപാല്‍ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

കുനാല്‍ ഷാ, സന്ദീപ് ടണ്‍ടണ്‍ എന്നിവര്‍ ചേര്‍ന്ന് 2010 ലാണ് ഫ്രീചാര്‍ജ് ആരംഭിക്കുന്നത്. സെക്വേഷ്യ കാപിറ്റല്‍, ടൈബോണ്‍ കാപിറ്റല്‍ മാനേജ്‌മെന്റ്, വലിയന്റ് കാപിറ്റല്‍ മാനേജ്‌മെന്റ് എന്നിവരായിരുന്നു കമ്പനിയുടെ ആദ്യകാല നിക്ഷേപകര്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജാസ്‌പെര്‍ ഇന്‍ഫോടെക്കിനു കീഴിലുള്ള സ്‌നാപ്ഡീല്‍ 450 ദശലക്ഷം ഡോളറിന് ഫ്രീചാര്‍ജിനെ സ്വന്തമാക്കുന്നത്. ഫ്രീചാര്‍ജിന്റെ കഴിഞ്ഞ ഒക്‌റ്റോബറില്‍ നടന്ന നിക്ഷേപസമാഹരണത്തില്‍ പങ്കെടുത്ത സോഫ്റ്റ്ബാങ്ക് ഏകദേശം 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ഫ്രീചാര്‍ജിന്റെ വിപണിയിലെ എതിരാളികളായ പേടിഎമ്മിലും സോഫ്റ്റ്ബാങ്കിന് നിക്ഷേപമുണ്ട്.

Comments

comments

Categories: Branding

Related Articles