ഒഡീഷയ്ക്ക് വേണം 5,870 കോടി രൂപയുടെ റെയ്ല്‍വെ പാക്കേജ്

ഒഡീഷയ്ക്ക് വേണം 5,870 കോടി രൂപയുടെ റെയ്ല്‍വെ പാക്കേജ്

 

ഭുവനേശ്വര്‍: സംസ്ഥാനത്തെ റെയ്ല്‍വെ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനായി 2017-18 ലെ ബജറ്റില്‍ 5,870 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് സാമ്പത്തിക, സാമൂഹിക നീതി പരിപോഷിപ്പിക്കുന്നതിനും റെയ്ല്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ഹള്‍ വികസിപ്പിക്കുന്നതിനും ഈ പാക്കേജ് സഹായകരമാകുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭുവിന് അയച്ച കത്തില്‍ വ്യക്തമാക്കി.

നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍, പുതിയ ലൈനുകള്‍ക്കായുള്ള അനുമതി, സ്റ്റേഷന്‍ നവീകരണം, പുതിയ ട്രെയ്‌നുകള്‍ അനുവദിക്കല്‍, നിലവിലുള്ള ട്രെയ്‌നുകളുടെ വിപുലീകരണം, സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ നിര്‍ദ്ദേശങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഇന്ത്യന്‍ റെയ്ല്‍വെക്കായി ഒഡീഷ 15, 000 കോടി രൂപയിലധികം വാര്‍ഷിക വരുമാനം നല്‍കുന്നുണ്ട്. എന്നാല്‍ ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് സംസ്ഥാനത്തെ റെയ്ല്‍ സാന്ദ്രതയെന്ന് പട്‌നായിക് സൂചിപ്പിച്ചു. സംസ്ഥാനത്തിന്റെ വിദൂരപ്രദേശങ്ങളിലേക്കും റെയ്ല്‍ ശൃംഖല എത്തിക്കണമെന്ന സര്‍ക്കാരിന്റെ വീക്ഷണത്തെ ഇന്ത്യന്‍ റെയ്ല്‍വെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തെക്കന്‍ ഒഡീഷയുമായി ശൃംഖല സ്ഥാപിച്ച് ധാതുക്കളുടെ കൈമാറ്റം സുഗമമാക്കുവാന്‍ പുതിയ റെയ്ല്‍വെ ലൈന്‍ സൗകര്യമൊരുക്കും. കൂടാതെ ഗോപാല്‍പൂര്‍ തുറമുഖവുമായി ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ റെയ്ല്‍ ശൃംഖല ഉപകാരപ്പെടും. ഒഡീഷയുടെ കടല്‍ത്തീരത്ത് ആഴക്കടല്‍ തുറമുഖം വികസിപ്പിക്കുവാനും പദ്ധതി തയാറാക്കുന്നുണ്ടെന്ന് പട്‌നായിക് പറഞ്ഞു.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ റെയ്ല്‍വെ ട്രാഫിക് വളര്‍ച്ച 450 എംറ്റിഎ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ നിലവിലെ ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങള്‍ ബൃഹത്താക്കണം. ഒഡീഷ തീരത്ത് വരാനിരിക്കുന്ന തുറമുഖങ്ങള്‍ തമ്മിലുള്ള ചരക്ക് ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനുവേണ്ടി ഖരഗ്പൂരില്‍ നിന്നും വിജയവാഡയിലേക്കുള്ള കിഴക്ക് തീര ചരക്കുഗതാഗത ഇടനാഴിയും ഝര്‍സുഗുഡയില്‍ നിന്ന് ബിലാസ്പൂരിലേക്കുള്ള കിഴക്ക് പടിഞ്ഞാറന്‍ ചരക്കുഗതാഗത ഇടനാഴിയും ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിക്കും-പട്‌നായിക് പറഞ്ഞു.

സബല്‍പൂര്‍-റ്റിറ്റ്‌ലഗഡ്, ബാരംഗ്-ഭുവനേശ്വര്‍, റ്റിറ്റ്‌ലഗഡ്-റായ്പൂര്‍, തല്‍ച്ചര്‍-ബിമ്‌ലഗഡ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy