‘ബിനാമി വസ്തു ഇടപാടുകളെ നിയന്ത്രിക്കുമെന്ന് പ്രധാനമന്ത്രി’

‘ബിനാമി വസ്തു ഇടപാടുകളെ നിയന്ത്രിക്കുമെന്ന് പ്രധാനമന്ത്രി’

 

ന്യൂഡല്‍ഹി: രാജ്യത്തെ ബിനാമി വസ്തു ഇടപാടുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് റേഡിയോ പ്രക്ഷേപണ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
അഴിമതിക്കും കള്ളപ്പണത്തിനുമെതിരേയുള്ള യുദ്ധത്തിന്റെ ആരംഭം മാത്രമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.ബിനാമി വസ്തു ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമം 1988ലേതു മാത്രമാണ്. എന്നാല്‍ ഇത് നിയമമായി രൂപീകരിക്കുകയോ വിജ്ഞാപനം ചെയ്യുകയോ ചെയ്തിട്ടില്ല. അത് ഇപ്പോഴും ഉറങ്ങിക്കിടക്കുകയാണ്. ഞങ്ങള്‍ അത് വീണ്ടെടുത്തു മൂര്‍ച്ചയുള്ള നിയമമാക്കാന്‍ തയാറെടുക്കുകയാണ്. വരും ദിവസങ്ങളില്‍ ഈ നിയമം പ്രാവര്‍ത്തികമാകുമെന്നും മോദി പറഞ്ഞു.സ്വന്തം പേരിലല്ലാതെ മറ്റ് വ്യക്തികളുടെ പേരില്‍ വസ്തു വാങ്ങിയവര്‍ക്കെതിരേ തീര്‍ച്ചയായും നടപടി സ്വീകരിക്കും. ഇങ്ങനെ മറ്റുള്ളവരുടെ പേരില്‍ വാങ്ങിയ വസ്തു യഥാര്‍ഥത്തില്‍ രാജ്യത്തിന്റേതാണെന്നു മോദി പറഞ്ഞു. ബിനാമി വസ്തു ഇടപാടിനെ നിയന്ത്രിക്കാനുള്ള നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നും കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ ശിക്ഷ ഏഴ് വര്‍ഷം വരെയാകാമെന്നും മോദി സൂചിപ്പിച്ചു. മാത്രമല്ല, ഈ നിയമത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കു വസ്തുവിന്റെ വിപണി മൂല്യത്തിന്റെ നാലിലൊന്നു തുക പിഴയായി അടയ്‌ക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കണക്കില്‍പ്പെടാത്ത സമ്പാദ്യം വെളുപ്പിക്കാന്‍ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നവരുടെ ഡെപ്പോസിറ്റ് പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കാനും പദ്ധതിയുണ്ടെന്നു മോദി സൂചിപ്പിച്ചു. അഴിമതിക്കെതിരേയുള്ള യുദ്ധത്തില്‍ തന്നെ പിന്തുണയ്ക്കണമെന്നു മോദി രാജ്യത്തെ ജനങ്ങളെ ഓര്‍മിപ്പിച്ചു. തന്റെ പോരാട്ടത്തിനു പിന്തുണ നല്‍കി കൊണ്ടു സാധാരണക്കാര്‍ മുന്നോട്ടുവരുന്നുണ്ടെന്നും മോദി പറഞ്ഞു.

Comments

comments

Categories: Slider, Top Stories