മധ്യതിരുവിതാംകൂറിന്റെ എയര്‍പ്പോര്‍ട്ട് സ്വപ്‌നം

മധ്യതിരുവിതാംകൂറിന്റെ എയര്‍പ്പോര്‍ട്ട് സ്വപ്‌നം

 
കേരളത്തില്‍ പുതിയൊരു അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം തേടിയിരിക്കുകയാണ് ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ (ജിഐഎ). ഈ സംഘടനയുടെ പ്രസിഡന്റ് രാജീവ് ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനുമായി വിമാനത്താവള പദ്ധതിയെക്കുറിച്ച് ചര്‍ച്ചയും നടത്തി. കേരളത്തില്‍ അഞ്ചാമത് അന്താരാഷ്ട്ര വിമാനത്താവള നിര്‍മിക്കുന്നതിന് രണ്ട് ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ സാധ്യതാപഠന റിപ്പോര്‍ട്ടുമായാണ് രാജീവ് ജോസഫ് മുഖ്യമന്ത്രിയെ കണ്ടത്. ഇന്‍ഡോ-ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് മധ്യതിരുവിതാംകൂറില്‍ നടത്തിയ എയര്‍പോര്‍ട്ട് സാധ്യതാ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. മധ്യതിരുവിതാംകൂറില്‍ പുതിയ എയര്‍പോര്‍ട്ട് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികളുടെ സഹകരണത്തില്‍ ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വം നല്‍കിയാണ് ഒന്നരവര്‍ഷം മുമ്പ് ഇന്‍ഡോ-ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് പത്തനംതിട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

വിമാനത്താവളത്തിന് പ്രവാസി മലയാളികള്‍ക്കിടയില്‍ അതിയായ ആഗ്രഹമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മധ്യ കേരളത്തിലെ പത്തനംതിട്ട, കോട്ടയം ജില്ലകളിലായി മൂന്ന് സ്ഥലങ്ങളെയാണ് പദ്ധതി നടത്തിപ്പിനായി നിര്‍ദേശിച്ചിട്ടുള്ളത്. വിമാനത്താവളത്തിന്റെ നിര്‍മാണത്തിനു വേണ്ട മുഴുവന്‍ ചെലവും വഹിക്കുമെന്നും ജിഐഎ വ്യക്തമാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിന് സ്ഥലംകണ്ടെത്തുന്നതില്‍ സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ സ്ഥലം പണം കൊടുത്ത് വാങ്ങിക്കുവാനും എയര്‍പോര്‍ട്ട് നിര്‍മ്മിക്കുവാനും ഇന്‍ഡോ-ഹെറിറ്റേജ് കമ്പനിതയാറാണെന്നും രാജീവ് ജോസഫ് പറഞ്ഞു. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന് ഈ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കാവുന്നതാണ്. പ്രകൃതിക്ക് ദോഷമുണ്ടാക്കാത്ത തരത്തില്‍ അനുയോജ്യമായ സ്ഥലത്ത് വിമാനത്താവളം വരുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തില്‍ അത് നിര്‍ണായക പങ്കുവഹിക്കും.

ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതിക്കുള്ള നിര്‍ദേശവുമായി ജിഐഎ ഇപ്പോള്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ എല്ലാ വിധ സാധ്യതകളും പരിശോധിച്ച് സര്‍ക്കാര്‍ അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Editorial