ജോണ്‍ കുര്യാക്കോസിനു കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ആദരം

ജോണ്‍ കുര്യാക്കോസിനു കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ആദരം

 

കൊച്ചി: ഹെല്‍ത്ത് കെയര്‍ മേഖലയിലെ പ്രമുഖ സംരംഭകന്‍ ജോണ്‍ കുര്യാക്കോസിന് കേരള മാനേജ്‌മെന്റ് അസോസിയേഷ(കെഎംഎ)ന്റെ ആദരം. കെഎംഎയുടെ പ്രതിമാസ പ്രഭാഷണ പരിപാടിയില്‍ വെച്ചാണ് ഡെന്റ്‌കെയര്‍ ഡെന്റല്‍ ലാബ് പ്രൈ.ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററായ അദ്ദേഹത്തെ ആദരിച്ചത്. മുവാറ്റുപുഴ എന്ന ചെറിയ പട്ടണത്തില്‍ നിന്ന് ഡെന്റല്‍ ഇംപ്ലാന്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സംരംഭം കെട്ടിപ്പടുത്തതിനാണ് ജോണ്‍ കുര്യാക്കോസിന് ആദരം നല്‍കിയത്.

കെഎംഎ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ഒന്നുമില്ലായ്മയില്‍ നിന്നു വലിയ ബിസിനസ് സ്ഥാപനം വളര്‍ത്തിയെടുത്ത ജോണ്‍ കുര്യാക്കോസിന്റെ വിജയം സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്കെല്ലാം അനുകരിക്കാവുന്ന മാതൃകയാണെന്ന് മാത്യു ഉറുമ്പത്ത് പറഞ്ഞു.

കുട്ടിക്കാലത്ത് കടുത്ത ദാരിദ്ര്യത്തില്‍ കഴിയേണ്ടി വന്നിട്ടുള്ള കുടുംബമാണു തന്റേതെന്ന് ജോണ്‍ കുര്യാക്കോസ് അനുസ്മരിച്ചു. പിതാവിനും അമ്മാവനും മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നു. പുത്രന്മാര്‍ക്കും മാനസികരോഗം പാരമ്പര്യമായി ബാധിക്കുമോ എന്ന ഭീതിയിലാണ് അമ്മ എപ്പോഴും കഴിഞ്ഞിരുന്നത്. വിജയിക്കണമെന്നുള്ള ദൃഢനിശ്ചയവും ഇന്നും നടത്തുന്ന കഠിനാദ്ധ്വാനവുമാണ് തന്റെ കമ്പനിയെ ഈ രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാപനമായി നിലനിര്‍ത്തുന്നത്. കാര്യക്ഷമതയും കഠിനാദ്ധ്വാനശീലവുമുള്ള ഉദ്യോഗസ്ഥരെ ലഭിക്കുന്ന കേരളം പ്രവര്‍ത്തിക്കാന്‍ ഏറ്റവും എളുപ്പമുള്ള സ്ഥലമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനിയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ 0.5 % മാത്രമാണ്. ജോലിക്കാരില്‍ ഒരാളായി നിന്നുകൊണ്ട് തന്റെ 3,000 ജോലിക്കാര്‍ക്കും നല്‍കുന്ന മാന്യമായ മാനവിക പരിചരണമാണ് ഇതിനു കാരണം. ജോലിയിലെ പൂര്‍ണത, ഉപഭോക്തൃ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും അവയോട് പ്രതികരിക്കുകയും ചെയ്യുക, അച്ചടക്കമുള്ള തൊഴില്‍ സംസ്‌കാരം, നല്ല പരിശീലനം സിദ്ധിച്ച തൊഴിലാളികള്‍ എന്നിവയാണ് തന്റെ വിജയത്തിന്റെ നിര്‍ണായക ഘടകങ്ങള്‍-അദ്ദേഹം പറഞ്ഞു.
പ്രസിദ്ധ ചലച്ചിത്രതാരം സുജ കാര്‍ത്തിക, കെഎംഎ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിയ ഏബ്രാഹം, കെ എംഎ ഓണററി സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ എന്നിവരും പ്രസംഗിച്ചു.

Comments

comments

Categories: Branding