ചെറുകിട നിക്ഷേപങ്ങളുടെ പലിശ വീണ്ടും കുറയ്ക്കാന്‍ സാധ്യത

ചെറുകിട നിക്ഷേപങ്ങളുടെ പലിശ വീണ്ടും കുറയ്ക്കാന്‍ സാധ്യത

 

ന്യൂഡെല്‍ഹി : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചതിനുപിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സമ്പാദ്യ പദ്ധതി മുതലായ മറ്റു ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക് കുറയ്ക്കാനൊരുങ്ങുന്നു. സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ പുതുക്കണമെന്ന ഗോപിനാഥ് സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് ഏകദേശം നൂറ് അടിസ്ഥാന പോയന്റുകള്‍ കുറച്ച് ഏഴ് ശതമാനത്തിലേക്ക് താഴ്ത്തും.

ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ അതേ കാലാവധിയുടെ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍നിന്നുള്ള ശരാശരി വരുമാനത്തേക്കാള്‍ അല്‍പ്പം ഉയര്‍ന്നതായാണ് കഴിഞ്ഞ മൂന്നു മാസങ്ങളിലും നിലകൊണ്ടതെന്നാണ് ഗോപിനാഥ് സമിതി കണ്ടെത്തിയത്. പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് സര്‍ക്കാരിന്റെ പത്തുവര്‍ഷ കടപ്പത്രത്തില്‍നിന്നുള്ള ശരാശരി വരുമാനത്തേക്കാള്‍ 25 അടിസ്ഥാന പോയന്റുകള്‍ കൂടുതലാണെന്നാണ് നിരീക്ഷണം. കഴിഞ്ഞ മൂന്ന് മാസത്തിലുടനീളം പത്തുവര്‍ഷ ബോണ്ടില്‍ നിന്നുള്ള വരുമാനം 7 ശതമാനത്തിന് താഴെയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിപിഎഫ് പലിശ നിരക്ക് ജനുവരി-മാര്‍ച്ച് പാദത്തില്‍ 7 ശതമാനമായി കുറഞ്ഞേക്കാം.

എന്നാല്‍ നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ജനം നേരിടുന്ന ബുദ്ധിമുട്ടുകളും മറ്റും പരിഗണിച്ച് വലിയ തോതില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായേക്കില്ലായെന്നും വിലയിരുത്തലുണ്ട്. ഗോപിനാഥ് സമിതി ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ കുറേക്കാലമായി മാറ്റിവെച്ചിരിക്കുകയായിരുന്നു. പിപിഎഫ് പലിശ നിരക്ക് 20-25 അടിസ്ഥാന പോയന്റ് കുറയ്ക്കാനുള്ള സാധ്യതയേയുള്ളൂവെന്ന് നിക്ഷേപ-നികുതി വിദഗ്ധന്‍ ബല്‍വന്ത് ജെയ്ന്‍ പറഞ്ഞു.

പലിശ നിരക്ക് കുറച്ചാലും ബാങ്ക് നിക്ഷേപം, കോര്‍പ്പറേറ്റ് എഫ്ഡി എന്നിവയെ അപേക്ഷിച്ച് പിപിഎഫ് നിക്ഷേപം തന്നെയായിരിക്കും നിക്ഷേപകര്‍ക്ക് മെച്ചമാകുന്നത്. ബാങ്ക് നിക്ഷേപത്തിന് 7-7.5 ശതമാനമാണ് പലിശ നിരക്ക്. ഈ പലിശ പൂര്‍ണമായി നികുതിവിധേയമാണ്. അതുകൊണ്ടുതന്നെ നികുതിയില്ലാത്ത പിപിഎഫില്‍ നിക്ഷേപത്തിന്റെ ആകര്‍ഷണീയത നഷ്ടപ്പെടാന്‍ ഇടയില്ല.

അതേസമയം പലിശ നിരക്ക് കുറച്ചാല്‍ ദേശീയ സമ്പാദ്യ പദ്ധതി മുതലായ ചെറു സമ്പാദ്യ പദ്ധതികളുടെ തിളക്കം നഷ്ടപ്പെടുത്തുന്നതിന് അതിടയാക്കും. നിലവില്‍ ദേശീയ സമ്പാദ്യ പദ്ധതിയില്‍നിന്ന് എട്ട് ശതമാനം പലിശയാണ് ലഭിക്കുന്നത്. ഇത് ബാങ്ക് നിക്ഷേപ പലിശയേക്കാള്‍ ഉയര്‍ന്നതാണ്. സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്ക് നേരത്തെ 8.5 ശതമാനമായി കുറച്ചിരുന്നു. ഈ പദ്ധതിയുടെ പലിശ ഇനിയും കുറച്ചാല്‍ അത് മുതിര്‍ന്ന പൗരന്‍മാരെ വളരെയധികം ബാധിക്കും. മാത്രമല്ല, കാലാവധി പൂര്‍ത്തിയാക്കുന്ന സ്ഥിര നിക്ഷേപം വീണ്ടും നിക്ഷേപിക്കുന്നതിന് മുതിര്‍ന്ന പൗരന്‍മാര്‍ മടിക്കുകയും ചെയ്യും. കുറഞ്ഞ പലിശ നിരക്കിന് വീണ്ടും പണം നിക്ഷേപിക്കേണ്ടിവരുമെന്നതിനാലാണിത്. അഞ്ച് വര്‍ഷം മുമ്പ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പത്ത് ശതമാനം പലിശ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോഴത് 7.75 ശതമാനം മാത്രമാണ്.

Comments

comments

Categories: Slider, Top Stories

Related Articles