പെട്രോള്‍ പമ്പുകളിലെ മൊബീല്‍ പേമെന്റിന് സുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

പെട്രോള്‍ പമ്പുകളിലെ മൊബീല്‍ പേമെന്റിന് സുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

 

ന്യൂഡെല്‍ഹി : കറന്‍സിരഹിത ഇടപാടുകള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പമ്പുകളുടെ നിശ്ചിത ഉയരത്തിലും ദൂരത്തിലും മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണെന്ന് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പിന് കീഴിലെ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും പെട്രോള്‍ പമ്പുകളില്‍ മൊബീല്‍ ഫോണുകള്‍ തീരെ ഉപയോഗിക്കാന്‍ പാടില്ലെന്ന പ്രചാരണങ്ങളെ തള്ളക്കളയണമെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ ഇനി മുതല്‍ സ്വീകരിക്കില്ലെന്ന നിര്‍ദ്ദേശം വന്നതോടെ പെട്രോള്‍ പമ്പുകളില്‍ കറന്‍സിരഹിത ഇടപാടുകള്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ട്. അതേസമയം പെട്രോള്‍ പമ്പുകളില്‍ മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ ആശങ്കയറിയിച്ച് നിരവധി പെട്രോള്‍ പമ്പുടമാ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പെട്രോള്‍ പമ്പുകളില്‍ മൊബീല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക മേഖലകള്‍ വ്യക്തമാക്കിയതോടൊപ്പം പമ്പുകളിലെ പോയന്റ് ഓഫ് സെയില്‍ മെഷീനുകള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പിന്റെ അംഗീകാരം വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇരുചക്ര വാഹനക്കാര്‍ പമ്പിന് തൊട്ടടുത്ത് നിന്ന് മൊബീല്‍ ഇടപാട് നടത്താന്‍ സാധ്യതയുള്ളതിനാല്‍ ഇവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. പെട്രോള്‍ പമ്പുകളില്‍ മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഈയിടെ വാണിജ്യകാര്യ മന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച ചെയ്തിരുന്നു.

Comments

comments

Categories: Trending