ഇലക്ട്രോണിക് ഫണ്ട് ഇടപാടുകളില്‍ പൊതുമേഖലാ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നതിന് നിയന്ത്രണം

ഇലക്ട്രോണിക് ഫണ്ട് ഇടപാടുകളില്‍ പൊതുമേഖലാ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നതിന് നിയന്ത്രണം

ന്യൂഡെല്‍ഹി: ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് (ഐഎംപിഎസ്), യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) മുതലായ സംവിധാനങ്ങളിലൂടെ നടത്തപ്പെടുന്ന ആയിരം രൂപയുടെ മുകളിലുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നോട്ട് രഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. ഡിജിറ്റല്‍, കാര്‍ഡ് പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ച് 31 വരെയുള്ള എല്ലാ ഇടപാടുകള്‍ക്കും പുതിയ നടപടി ബാധകമായിരിക്കുമെന്നും പ്രസ്താവന വ്യക്തമാക്കി. ജനുവരി മുതല്‍ മാര്‍ച്ച് വരെ ആയിരം രൂപ വരെ ഐഎംപിഎസ്, യുപിഐ, യുഎസ്എസ്ഡി എന്നിവയിലൂടെയുള്ള ഇടപാടുകള്‍ക്ക് കസ്റ്റമര്‍ ചാര്‍ജുകളില്‍ ആര്‍ബിഐ അടുത്തിടെ ക്രമീകരണം നടത്തിയിരുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതേകാലയളവില്‍ നടത്തുന്ന 2000 രൂപ വരെയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാടുകളിലും ആര്‍ബിഐ സമാനമായ ഇടപെടല്‍ നടത്തിയിരുന്നു.

ആര്‍ബിഐ നിയമങ്ങള്‍ പ്രകാരം, 10000 രൂപ വരെയുള്ള നെഫ്റ്റ് ഇടപാടുകള്‍ക്ക് 2.50 രൂപയും, 10000 രൂപ മുതല്‍ ഒരു ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപയും, ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ക്ക് 15 രൂപയും രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള കൈമാറ്റത്തിന് 25 രൂപയും ഈടാക്കുന്നുണ്ട്. ഇതിനു പുറമെ സര്‍വീസ് ചാര്‍ജ്ജും ഇടപാടുകാരന്‍ നല്‍കണം. ആയിരം രൂപയ്ക്ക് മുകളിലുള്ള അണ്‍സ്ട്രക്‌ച്ചേഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ (യുഎസ്എസ്ഡി) ഇടപാടുകള്‍ക്ക് അമ്പത് പൈസയുടെ ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയതായും ധനമന്ത്രായലം അറിയിച്ചു. ഫീച്ചര്‍ ഫോണുകളില്‍ ബാങ്കിംഗ് സേവനങ്ങള്‍ നടത്തുന്നതിനുള്ള ഷോര്‍ട് കോഡ് മെസേജ് ആണ് യുഎസ്എസ്ഡി. ഡിസംബര്‍ 31 വരെ യുഎസ്എസ്ഡി ചാര്‍ജ്ജ് ഒന്നര രൂപയായിരിക്കും ഈടാക്കുക.

Comments

comments

Categories: Slider, Top Stories