ഡ്രൈവറില്ലാ കാറുകളെക്കുറിച്ച് ഹോണ്ടയും ഗൂഗിളും കൂടിയാലോചന തുടങ്ങി

ഡ്രൈവറില്ലാ കാറുകളെക്കുറിച്ച് ഹോണ്ടയും ഗൂഗിളും കൂടിയാലോചന തുടങ്ങി

 

ടോക്യോ: ഡ്രൈവറില്ലാ കാറുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടയും ഗൂഗിളിന്റെ ഉപസ്ഥാപനമായ വേമോയും കൂടിയാലോചന തുടങ്ങി. സെല്‍ഫ് ഡ്രൈവിംഗ് കാര്‍ സാങ്കേതികവിദ്യ കൂടുതല്‍ വികസിപ്പിക്കുന്നതിനാണ് ഇരു കമ്പനികളും സഹകരിക്കുന്നത്.

വേമോ വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയറും സെന്‍സറുകളും ഹോണ്ടയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം ഹോണ്ടയുടെ വാഹനങ്ങളില്‍ ഘടിപ്പിക്കും. അമേരിക്കയിലെ നാല് നഗരങ്ങളില്‍ വേമോ നടത്തുന്ന പരീക്ഷണ ഓട്ടത്തില്‍ ഈ പുതിയ വാഹനങ്ങളെയും വേമോ അണിനിരത്തുമെന്ന് കമ്പനി അറിയിച്ചു.

2020 ഓടെ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തുകളില്‍ അവതരിപ്പിക്കാനാണ് ഹോണ്ട പദ്ധതി തയ്യാറാക്കുന്നത്. വേമോയുമായുള്ള സഹകരണം വ്യത്യസ്തമായ സാങ്കേതിക സമീപനങ്ങള്‍ മനസിലാക്കുന്നതിനും സമ്പൂര്‍ണ്ണ സെല്‍ഫ്-ഡ്രൈവിംഗ് സാങ്കേതികവിദ്യ വിപണിയില്‍ അവതരിപ്പിക്കുന്നതിനും തങ്ങളെ സഹായിക്കുമെന്ന് ഹോണ്ട കണക്കുകൂട്ടുന്നു. എതിരാളികളായ ടൊയോട്ട, നിസ്സാന്‍ കമ്പനികള്‍ക്കുമേല്‍ അധീശത്വം സ്ഥാപിക്കാന്‍ ഇത് ഹോണ്ടയ്ക്ക് ഗുണകരമാകും. ടൊയോട്ടയും നിസ്സാനും ഡ്രൈവറില്ലാ കാറുകള്‍ വികസിപ്പിക്കാനുള്ള ഓട്ടത്തിലാണ്.

ഗൂഗ്‌ളിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പദ്ധതിയായ വേമോ സ്വതന്ത്ര കമ്പനിയായി പ്രവര്‍ത്തിക്കുമെന്ന് ഈ മാസം 13 ന് പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന വേമോ 2015 ഒക്‌റ്റോബറില്‍ അമേരിക്കയിലെ ഓസ്റ്റിനിലെ ഹൈവേകളിലും പൊതു റോഡുകളിലും ആദ്യ സമ്പൂര്‍ണ ഡ്രൈവറില്ലാ കാറോട്ടം നടത്തിയിരുന്നു. അതിനുശേഷം ഇതുവരെ 2 മില്യണ്‍ മൈല്‍ ദൂരം ഡ്രൈവറില്ലാ കാറുകള്‍ പരീക്ഷണ ഓട്ടം നടത്തി.

നൂറ് ക്രിസ്‌ലര്‍ പസിഫിക്ക മിനി വാനുകള്‍ സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയിലേക്ക് മാറ്റുന്നതിന് ഫിയറ്റ് ക്രിസ്‌ലര്‍ ഗ്രൂപ്പുമായി വേമോ സഹകരിക്കുന്നുണ്ട്. ഈ മിനി വാനുകള്‍ മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെടും.

Comments

comments

Categories: Trending