കളിക്ക് ശേഷം ബിയര്‍ നല്ലതെന്ന് ചെല്‍സി പരിശീലകന്‍

കളിക്ക് ശേഷം ബിയര്‍ നല്ലതെന്ന് ചെല്‍സി പരിശീലകന്‍

 

ഇംഗ്ലണ്ട്: മത്സരം കഴിഞ്ഞ ഉടനെ ബിയറോ കോളയോ കുടിക്കുന്നത് നല്ലതാണെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ക്ലബുകളിലൊന്നായ ചെല്‍സിയുടെ പരിശീലകന്‍ അന്റോണിയോ കോന്റെ. മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് താരങ്ങളിലെ നിര്‍ജലീകരണാവസ്ഥ ഇല്ലാതാക്കുന്നതിന് കാരണമാകുമെന്നായിരുന്നു ഇറ്റാലിയന്‍ മുന്‍ താരം കൂടിയായിരുന്ന കോന്റെയുടെ അഭിപ്രായം.

ചെല്‍സി സൂപ്പര്‍ താരമായ സ്‌പെയിനിന്റെ ഡീഗോ കോസ്റ്റ ബിയര്‍ ബോട്ടിലുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ടീം കോച്ചായ അന്റോണിയോ കോന്റെയ്ക്ക് ഇത്തരമൊരു അഭിപ്രായം പറയേണ്ടി വന്നത്. വെസ്റ്റ് ബ്രോമിനെതിരെ അടുത്തിടെ നടന്ന മത്സരത്തില്‍ വിജയഗോള്‍ നേടിയതിന് ശേഷം ഡ്രസിംഗ് റൂമില്‍ നിന്നും ബിയര്‍ കുടിച്ച കോസ്റ്റ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, ഒരു പ്രൊഫഷണല്‍ കളിക്കാരന്‍ ഇത്തരത്തില്‍ മദ്യപിച്ച് ആഘോഷിക്കുന്നത് ശരിയാണോയെന്ന വിമര്‍ശനം പല ഭാഗത്തു നിന്നും ഉയരുകയും ചെയ്തു. കര്‍ശനമായ ഭക്ഷണ നിയന്ത്രണങ്ങള്‍ പോലും ക്ലബ് ഫുട്‌ബോളില്‍ നിലനില്‍ക്കെ, താരങ്ങള്‍ മദ്യപിക്കുന്നത് ഫിറ്റ്‌നസ് നഷ്ടപ്പെടുന്നതിനും ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകുമെന്നായിരുന്നു പലരുടെയും വിലയിരുത്തല്‍.

ഇതിനെ തുടര്‍ന്ന്, തന്റെ ടീമിലെ ഗോളടി വീരനായ ഡീഗോ കോസ്റ്റയെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചതിനെ തുടര്‍ന്നാണ് അന്റോണിയോ കോന്റെയ്ക്ക് അഭിപ്രായം പറയേണ്ടി വന്നത്. താനൊരു പ്രൊഫഷണല്‍ പരിശീലകനാണെന്നും ടീമംഗങ്ങളുടെ സ്വകാര്യ കാര്യങ്ങളില്‍ തനിക്ക് കൈകടത്താനാവില്ലെന്നും അന്റോണിയോ കോന്റെ വ്യക്തമാക്കി.

ചെല്‍സി ടീമിലെ അംഗങ്ങള്‍ ഉത്തരവാദിത്വ ബോധമുള്ള പ്രൊഫഷണല്‍ താരങ്ങളാണെന്നും ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് അവര്‍ക്കുണ്ടെന്നും അന്റോണിയോ കോന്റെ അറിയിച്ചു. അടുത്തിടെ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റനായ ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണി മദ്യപിച്ച് നില്‍ക്കുന്ന ചിത്രം ഒരു ബ്രിട്ടീഷ് പത്രം പ്രസിദ്ധീകരിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു.

Comments

comments

Categories: Sports

Related Articles