നോട്ട് അസാധുവാക്കല്‍: നാലാം പാദത്തില്‍ ടൊയോട്ടയ്ക്ക് കിതപ്പ്

നോട്ട് അസാധുവാക്കല്‍:  നാലാം പാദത്തില്‍ ടൊയോട്ടയ്ക്ക് കിതപ്പ്

 

ബെംഗളൂരു: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട കോര്‍പിന്റെ ഇന്ത്യന്‍ ശാഖയായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ലിമിറ്റഡിന്റെ (ടികെഎം) നാലാം പാദത്തിലെ വില്‍പ്പന 3-4 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നാണ് വില്‍പ്പനയില്‍ ഇടിവു നേരിടുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം നാലാം പാദം വെല്ലുവിളി നിറഞ്ഞതും പ്രയാസമേറിയതുമായിരിക്കുമെന്ന് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററായ ടി എസ് ജയശങ്കര്‍ പറഞ്ഞു.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനി സാമാന്യം മെച്ചപ്പെട്ട വളര്‍ച്ച കൈവരിച്ചിരുന്നു. മൂന്നാം പാദത്തില്‍ ഉത്സവ സീസണ്‍ വില്‍പ്പനയും തരക്കേടില്ലാതെ നേടി. എന്നാല്‍ ഇപ്പോള്‍ വില്‍പ്പന മന്ദഗതിയിലാണ്. ഇത് വരും പാദങ്ങളിലെ പ്രകടനത്തെ ബാധിച്ചേക്കും-ടി എസ് ജയശങ്കര്‍ പറഞ്ഞു.

ഉത്സവ സീസണിലെ കുതിപ്പിനെ തുടര്‍ന്ന് പുതിയ ഇന്നോവ ക്രിസ്റ്റയ്ക്കും ഇറ്റിയോസിനും ആവശ്യകത ഏറിയതിനാല്‍ 3-4 ശതമാനം എന്ന മെച്ചപ്പെട്ട വളര്‍ച്ചാ നിരക്കോടെ മൂന്നാംപാദം അവസാനിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കും. എന്നാല്‍ നോട്ട് അസാധുവാക്കല്‍ നാലാം പാദത്തില്‍ ആഘാതമുണ്ടാകുമെന്നാണ് കരുതുന്നത്. പണ നിയന്ത്രണവും അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കലും കാരണം വാഹനങ്ങള്‍ വാങ്ങാനുള്ള തീരുമാനം ഉപഭോക്താക്കള്‍ നീട്ടിവച്ചേക്കും. പുതിയ വാഹനം വാങ്ങാനുള്ള പദ്ധതി ഉപഭോക്താക്കള്‍ മാറ്റിവയ്ക്കുന്നതിന് ചരക്കു സേവന നികുതിയും (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്-ജിഎസ്ടി) ഒരു കാരണമാകും-അദ്ദേഹം പറഞ്ഞു.

നിലവിലെ സാമ്പത്തിക വര്‍ഷം കാര്‍ വില്‍പ്പനയില്‍ ഇടിവ് തുടരും. ഈ വര്‍ഷം നവംബര്‍ വരെയാണ് കമ്പനി ന്യായമായ മികച്ച വില്‍പ്പന നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടൊയോട്ട ഏകദേശം 160,000 യൂണിറ്റ് വാഹനങ്ങള്‍ വില്‍പ്പന നടത്തിയെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

ഇന്നോവയും ഫോര്‍ച്ച്യൂണറും നിര്‍മ്മിക്കുന്ന ടൊയോട്ടയുടെ പ്ലാന്റ് വര്‍ഷത്തില്‍ 1,00,000 യൂണിറ്റുകള്‍ എന്ന ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇറ്റിയോസ്, ലിവ, ഇറ്റിയോസ് ക്രോസ് തുടങ്ങിയ വാഹനങ്ങള്‍ നിര്‍മിക്കുന്ന രണ്ടാമത്തെ പ്ലാന്റ് മൊത്തം ശേഷിയുടെ 45 ശതമാനം എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 210,000 യൂണിറ്റുകളാണ് രണ്ടാമത്തെ പ്ലാന്റിന്റെ മൊത്തം ശേഷി. വാഹനങ്ങളുടെ എണ്ണത്തിലല്ല, മറിച്ച് ലാഭം കൂട്ടുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് ജയശങ്കര്‍ വ്യക്തമാക്കി.

Comments

comments

Categories: Auto